ഒരു ദുരന്തത്തിന്റെ ഓര്‍മയില്‍
അടുത്ത ബുധനാഴ്ച പെരുമണ്‍ ദുരന്തത്തിനു മൂന്നുപതിറ്റാണ്ട് തികയുകയാണ്. രാജ്യത്തെ നടുക്കിയ പെരുമണ്‍ ദുരന്തത്തിന്റെ കാരണം അപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു. 1988 ജൂലൈ എട്ട് രാജ്യത്തിന് ഒരു കറുത്തദിനമായിരുന്നു. അന്നായിരുന്നു കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്തിനു സമീപം പെരുമണ്‍ പാലത്തില്‍നിന്ന് ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്കു മറിഞ്ഞത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടത്തില്‍ 105 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പേഴുംതുരുത്ത് കഴിഞ്ഞ് പെരുമണ്‍ പാലത്തിലേക്കു കടന്ന ട്രെയിന്‍ വന്‍ശബ്ദത്തോടെ കായലിലേക്കു പതിക്കുകയായിരുന്നു. കായല്‍ക്കരയിലുണ്ടായിരുന്നവര്‍ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. അന്ന് കൊല്ലം കലക്ടറായിരുന്ന നീലഗംഗാധരന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നാട്ടുകാരും ഒരു മെയ്യായി ഒത്തുചേര്‍ന്നതു കൊണ്ട് ദുരന്തവ്യാപ്തി കുറയ്ക്കാനായി. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് 50,000 രൂപയുമായിരുന്നു അന്നത്തെ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദുരന്തത്തില്‍ മരിച്ച 17 പേര്‍ക്ക് യഥാര്‍ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയില്‍വേ അധികാരികള്‍ നഷ്ടപരിഹാരം നിഷേധിക്കുകയുണ്ടായി.
ദുരന്തദിനം
കാലവര്‍ഷം കലിതുള്ളിയ മിഥുനത്തില്‍ അന്നും കോരിച്ചൊരിയുന്ന മഴയായിരുന്നു. പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയത്. പാലത്തിലും പാലത്തിനു സമീപത്തും ജോലികള്‍ നടക്കുകയായിരുന്നു. രാവിലെ തന്നെ പെരുമണ്‍ പാലത്തിനു സമീപത്തെ വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനുള്ള പണികളും നടക്കുകയായിരുന്നു. ജാക്കി വച്ചു പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനുതാഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണു നിയമം. എന്നാല്‍, അപകടസമയത്ത് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയിലായിരുന്നുവെന്നാണു പ്രദേശവാസികളില്‍നിന്ന് അറിയാനായത്.
ഐലന്റ് എക്‌സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇതു രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്ടമുടിക്കായലിലേക്കു പതിച്ചു. തീവണ്ടിയുടെ 10 ബോഗികളാണു കായലില്‍ വീണത്. എന്‍ജിന്‍ പാളം തെറ്റിയതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്കു വീഴുകയാണുണ്ടായതെന്നാണു കരുതപ്പെടുന്നത്. ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു.
അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണസംഘം അവകാശപ്പെട്ടെങ്കിലും യഥാര്‍ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബംഗളൂരുവിലെ സേഫ്റ്റി കമ്മിഷണര്‍ സൂര്യനാരായണന്‍ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റെയില്‍വേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റില്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ അന്നു മഴയുണ്ടായിരുന്നെങ്കിലും നേരിയ കാറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണു സമീപവാസികള്‍ സാക്ഷ്യപ്പെടുത്തിയത്. ട്രെയിന്‍ അമിതവേഗത്തില്‍ വന്നെന്നും, പരിചയമില്ലാത്ത ആരോ ആണ് ട്രെയിന്‍ ഓടിച്ചിരുന്നതെന്നും അശ്രദ്ധമായി ബ്രേക്കിട്ടതാണ് അപകടകാരണമെന്നുമുള്ള പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ദുരന്തത്തിനു പിറകെയുണ്ടായി.
പിന്നെയും അന്വേഷണം പലതരത്തില്‍ മുന്നോട്ടുപോയി. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ സി.എസ് നായിക് നടത്തിയ അന്വേഷണത്തിലും അപകടകാരണം ചുഴലിക്കാറ്റ് തന്നെയെന്ന് അടിവരയിട്ടതോടെ അന്വേഷണം അവിടംകൊണ്ട് അവസാനിച്ചു. ഇതോടെ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വയ്‌ക്കേണ്ടിവന്നില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ റെയില്‍വേക്ക് അതു സഹായകമായി.
അന്നത്തെ ദുരന്തത്തെക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാര്‍ത്ത. രാത്രിയുടെ മറവില്‍ മൃതദേഹങ്ങളില്‍നിന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായിരുന്നു അത്. അപകടത്തില്‍പ്പെട്ട ബോഗികള്‍ ഉയര്‍ത്തുന്നതിനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ വേണ്ടതുപോലെ വിജയം കണ്ടിരുന്നില്ല. അപകടക്കാഴ്ചകള്‍ കാണാന്‍ കൊല്ലത്തെത്തിയ ജനങ്ങള്‍ അന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിച്ചു. ദുരന്തം ആസ്വാദിക്കാന്‍ വേണ്ടി മാത്രം ദൂരെ ദിക്കില്‍നിന്നു വന്നവര്‍ പെരുമണില്‍ തടിച്ചുകൂടിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണു വെള്ളത്തിലാണ്ടു കിടന്നിരുന്ന ബോഗികളില്‍നിന്നു മൃതശരീരങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
ദുരന്തബാക്കി
അപകടത്തിനുശേഷം റെയില്‍വേ പെരുമണില്‍ ഒരു പുതിയ പാലവും നടപ്പാലവും നിര്‍മിച്ചു. ദുരന്തം നടന്ന് അഞ്ചു വര്‍ഷത്തിനുശേഷമാണു പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ പുതിയ പാലം വന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. ദുരന്തഭൂമിയില്‍ ഒരു ദുരന്തസ്മാരകം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്മൃതി മണ്ഡപം വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. റെയില്‍വേയുടെ കൈവശമുള്ള ഈ ഭൂമി തങ്ങള്‍ക്കു കൈമാറണമെന്നു വിവിധ സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരില്‍ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1990ല്‍ പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പെരുമണ്‍ ദുരന്ത റിലീഫ് കേന്ദ്രം നിര്‍മിച്ചെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല.
റെയില്‍വേ അധികൃതര്‍ പെരുമണ്‍ ദുരന്തത്തെ പാടേ മറന്നുകഴിഞ്ഞിരിക്കുകയാണ്. ദുരന്ത വാര്‍ഷികദിനത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ പെരുമണിലെത്തി അശ്രുപൂജ അര്‍പ്പിക്കാറുണ്ട്. എന്നാല്‍, ദുരന്തത്തിന്റെ വാര്‍ഷികദിനാചരണങ്ങളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല. ദുരന്തത്തില്‍ മരണമടഞ്ഞ മുരളീധരന്‍ പിള്ളയുടെ ഓര്‍മയ്ക്കായി കൊല്ലം ഉളിയക്കോവില്‍ മുരളീഭവനില്‍ ശാന്തമ്മയും മറ്റു നിരവധി പേരുടെ ബന്ധുക്കളും സ്ഥിരമായി പെരുമണിലെത്തി പുഷ്പാര്‍ച്ചന നടത്താറുണ്ട്. കഴിഞ്ഞ 28 വര്‍ഷവും മുടക്കംകൂടാതെ പെരുമണ്‍ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നുവരുന്നു.
സ്വജീവന്‍ അവഗണിച്ച് നാല്‍പതോളം പേരെ മരണവക്കില്‍നിന്നു രക്ഷിച്ചു രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയനെപ്പോലുള്ളവര്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണ്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഞ്ചാലുംമൂട് തെക്കേമൂലയില്‍ കെ. ചെല്ലപ്പനു ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരമായിരുന്നു. റെയില്‍വേ മെക്കാനിക്കല്‍ സ്റ്റാഫായ ചെല്ലപ്പനും സംഘവും അപകടം നടന്നു നിമിഷങ്ങള്‍ക്കകം റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് വാനില്‍ പെരുമണിലെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട നിരവധിപേരെ അവര്‍ രക്ഷപ്പെടുത്തി. പിറ്റേ ദിവസമാണു മകന്‍ ജലജകുമാറിന്റെ ചേതനയറ്റ ശരീരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."