വെള്ളാപ്പള്ളിയുടെ കുരുക്ക് മുറുകുന്നു; എസ്.എന്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളും വിവാദത്തിലേക്ക്
കൊച്ചി: മൈക്രോഫിനാന്‍സ് അഴിമതിയും സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണവും വെള്ളാപ്പള്ളിയെ വേട്ടയാടുന്നതിന് പിന്നാലെ എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളും വിവാദത്തിലേക്ക് നീങ്ങുന്നു.എസ് എന്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലേക്കും കോളജുകളിലേക്കും നടത്തിയ നിയമനങ്ങളിലാണ് അഴിമതി ആരോപണം ഉയര്‍ന്നിട്ടുളളത്.
ഇവിടെ അധ്യാപക - അനധ്യാപക നിയമനങ്ങള്‍ വഴി വെള്ളാപ്പള്ളി കോടികള്‍ സമാഹരിച്ചതായാണ് അറിയുന്നത്. സംസ്ഥാനത്ത് പതിനഞ്ചോളം കോളജുകളും നൂറിലധികം സ്‌കൂളുകളുമാണ് എസ്.എന്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ വേറെയും. കോളജ് അധ്യാപക നിയമനത്തിന് ഒഴിവ് ഒന്നിന് 40 ലക്ഷവും സ്‌കൂളിലേക്ക് നിയമനത്തിന് 20 ലക്ഷവുമാണ് ഉദ്യോഗാര്‍ഥികളില്‍നിന്നു വാങ്ങിയത്. ലക്ഷങ്ങള്‍ നല്‍കിയിട്ടും നിയമനങ്ങള്‍ക്കു സ്ഥിരത ലഭിക്കാതായതോടെയാണു പണം നല്‍കിയവര്‍ കാര്യങ്ങള്‍ പുറംലോകത്തെത്തിച്ചത്.
എന്നാല്‍ നിയമനങ്ങള്‍ നടത്താന്‍ നിയമപരമായി വെള്ളാപ്പള്ളിക്ക് അവകാശമില്ലെന്നാണ് അറിയുന്നത്. 2012-13 വര്‍ഷത്തില്‍ അവതരിപ്പിച്ച എസ്.എന്‍ ട്രസ്റ്റിന്റെ വരവുചെലവുകണക്കില്‍ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളില്‍നിന്നു വാങ്ങിയ പണത്തിന്റെ കണക്ക് വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരേ യോഗത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു യോഗത്തിന് എതിര്‍ചേരി രൂപപ്പെടുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ധര്‍മവേദി വിവാദ വിഷയം ഏറ്റെടുത്ത് ട്രസ്റ്റില്‍ നടത്തുന്ന നിയമനങ്ങളില്‍ സുതാര്യതയില്ലെന്നു കാട്ടി ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെ വിശദമായ അന്വേഷണത്തിനുശേഷം മാത്രം നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കോടതി നിര്‍ദേശം കാറ്റില്‍പറത്തിയാണ് വെള്ളാപ്പള്ളി അനധികൃത നിയമനങ്ങള്‍ നടത്തുന്നതെന്ന് ധര്‍മവേദി ആരോപിക്കുന്നു. വിധി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ പത്രപ്പരസ്യം നല്‍കാതെ ഗസ്റ്റ് അധ്യാപകരെ വിളിച്ച് കരാര്‍ ഉറപ്പിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ നടത്തുന്നത്.
എന്നാല്‍ സ്ഥിരനിയമനത്തിനു ലക്ഷങ്ങള്‍ നല്‍കിയ ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുമതി ലഭിക്കാതായതാണു കാര്യങ്ങള്‍ കൈവിട്ടത്. 40 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 4.8 ലക്ഷം പലിശ ഇനത്തില്‍ ലഭിക്കുമെന്നിരിക്കേ കേവലം പതിനായിരത്തില്‍ താഴെ വേതനമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കോളജ് നല്‍കുന്നത്.
അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും വിവാഹത്തിനായി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവരില്‍നിന്നും എസ്.എന്‍.ഡി.പിയുടെ മുഖപത്രമായ യോഗനാദത്തിന്റെ വാര്‍ഷിക വരിസംഖ്യ ഈടാക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഇവ വരിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. യോഗനാദത്തിന്റെ പേരിലും വന്‍ അഴിമതി നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം മൈക്രോഫിനാന്‍സ് വഴി 15 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് യോഗം പ്രസിഡന്റ് എം.എന്‍.സോമന്‍, കോര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍, പിന്നോക്കക്ഷേമ കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.നജീബ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ധനാപഹരണം എന്നിവ കാട്ടി അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വെള്ളാപ്പള്ളിയെ കൂടുതല്‍ കുരുക്കിലേക്ക് നയിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."