രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് ബാധിച്ചവരില്‍ പകുതിയും അഞ്ചു ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയരുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് ബാധിച്ചവരില്‍ പകുതിയും അഞ്ചു ജില്ലകളിലുള്ളവര്‍. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇവര്‍. ഇവിടങ്ങളില്‍ 842 പേര്‍ക്കാണ് രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അതീവ ജാഗ്രതയിലാണ് ഈ ജില്ലകള്‍. രോഗം സ്ഥിരീകരിക്കുന്നവരില്‍ 91 ശതമാനവും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസമാകുന്നത്.
കൂടുതല്‍ പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തില്‍ കഴിയുന്നത് മലപ്പുറം ജില്ലയിലാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മലപ്പുറത്താണ്. 47 പേര്‍ക്കാണ് ഇന്നലെ മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 26,987 പേര് നിരീക്ഷണത്തിലുണ്ട്. കണ്ണൂര്‍ (19,928), തിരുവനന്തപുരം (19,242), തൃശൂര്‍ (17,857) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. കൊല്ലം (9,464), പത്തനംതിട്ട (5,421), ഇടുക്കി (4,331), കോട്ടയം (6,820), ആലപ്പുഴ (7,224), എറണാകുളം (13,574), പാലക്കാട് (10,330), കോഴിക്കോട് (17,363), വയനാട് (3,553), കാസര്‍കോട് (5,884) എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കൂടുതല്‍ പേര് ആശുപത്രിയില്‍ കഴിയുന്നതും മലപ്പുറത്താണ് (348). കണ്ണൂര്‍ (270), പാലക്കാട് (240), എറണാകുളം (217), കൊല്ലം (201), കോഴിക്കോട് (180), പത്തനംതിട്ട (184), തിരുവനന്തപുരം (178), ആലപ്പുഴ (178) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."