കുണ്ടന്നൂരിലെ ഗതാഗതക്കുരുക്ക്; കനത്ത ചൂടില്‍ ദുരിതയാത്ര
മരട്: ദേശീയ പാതയില്‍ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ യാത്രക്കാര്‍ വലയുന്നു. പൊരിയുന്ന വെയിലില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. യാത്രക്കാര്‍ ശക്തിയായ ചൂടും പൊടിയും മൂലം ഏറെ ദുരിതമനുഭവിക്കേണ്ടിവരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അപകടങ്ങളും പതിയിരിക്കുന്നു.
മേല്‍പ്പാലം നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് അനുബന്ധ റോഡുകള്‍ യാത്രാ യോഗ്യമാക്കാതെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതാണ് നിലവിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വിസ് റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വസമാകമായിരുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലം പണി പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മെറ്റല്‍ കൂനകള്‍ക്കിടയിലൂടെ അപകടകരമായ അവസ്ഥയില്‍ ഇരു ചക്രവാഹനങ്ങള്‍ മാത്രമാണ് ഇത് വഴിപോകാനാവുക. കുണ്ടന്നൂര്‍ പാലത്തിന്റെ കിഴക്ക് വശത്തെ സ്ലിപ്പ് റോഡ് പണി ഇത് വരെ പൂര്‍ത്തിയായിട്ടില്ല. പൊടിയും, ചൂടും സഹിച്ച് മണിക്കൂറുകളോളം റോഡില്‍ കഴിയേണ്ട അവസ്ഥയാണിവിടെ. ഇത്രയേറെ ദുരിതം ജനങ്ങള്‍ അനുഭവിച്ചിട്ടും അധികൃതര്‍ ഒരു പരിഹാരവും കാണാതെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
മരട്, നെട്ടൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരവും പ്രദേശത്തിന്റെ വികസനത്തിന് കാരണമാകുകയും ചെയ്യുമായിരുന്ന നെട്ടൂര്‍ കേട്ടെഴുത്ത് കടവ് പാലം നിര്‍മിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ പതിനാലര കോടി രൂപ അനുവദിച്ചു നടപടികള്‍ തുടങ്ങിയെങ്കിലും പ്രാദേശികമായ ചില എതിര്‍പ്പുകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവിലെ കുണ്ടന്നൂരിലെ ഗതാഗതക്കുരുക്കിനും ഈ പാലം പരിഹാരമാകുമായിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്ന് നെട്ടൂര്‍ ആന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റിലേക്ക് വരുന്ന നിരവധിയായ വാഹനങ്ങള്‍ക്ക് കുണ്ടന്നൂരില്‍ പ്രവേശിക്കാതെ മരടില്‍ നിന്ന് തിരിഞ്ഞ് ഈ പാലത്തിലൂടെ നെട്ടൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് കഴിയുമായിരുന്നു. കുണ്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കേട്ടെഴുത്ത് കടവ് പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫ്‌ളൈ ഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ തൃപ്പൂണിത്തുറ, കാക്കനാട്, ഐലന്റ്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്ന നെട്ടൂര്‍- മരട്, അമ്പലക്കടവ്- തേവര ജങ്കാര്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സെര്‍വന്‍സ് ഓഫ് സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ മജീദ് പറക്കാടന്‍ മരട് നഗരസഭ ചെയര്‍ പേഴ്‌സന്‍ ടി.എച്ച് നദീറക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."