കൊവിഡിനുള്ള മരുന്ന്: രാംദേവിനും മറ്റു നാലുപേര്‍ക്കുമെതിരേ കേസ്
ജയ്പൂര്‍: കൊവിഡ് മാറ്റുമെന്ന അവകാശവാദത്തോടെ ആയുര്‍വേദ മരുന്ന് പുറത്തിറക്കിയ ബാബാ രാംദേവിനും മറ്റു നാലുപേര്‍ക്കുമെതിരേ രാജസ്ഥാനില്‍ കേസ്. കൊവിഡ് മാറ്റുമെന്നു പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന പരാതിയിലാണ് ജയ്പൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാബാ രാംദേവ്, പതഞ്ജലി ആയുര്‍വേദയുടെ എം.ഡി ആചാര്യ ബാല്‍കൃഷ്ണ, അനുരാഗ് വര്‍ഷ്നെ, മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയെന്നു പറയപ്പെടുന്ന ജയ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്മാന് ബല്‍ബീര്‍ സിങ് തോമര്‍, ഡയരക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരേയാണ് ജയ്പൂരിലെ ജ്യോതിനഗര്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബല്‍റാം ഝാകര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ ഈ മരുന്ന് വില്പന നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി രാജസ്ഥാനും ഉത്തരാഖണ്ഡും മഹാരാഷ്ട്രയും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അറിയാതെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയതിന് ജയ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനോട് രാജസ്ഥാന് സര്‍ക്കാര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ബിഹാറിലെ മുസഫര്‍പൂരിലെ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി 30ന് പരിഗണിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."