തിരുവങ്ങൂരില്‍ പാചകവാതക ലോറികള്‍ക്കു നേരെ അക്രമം അപകടം ഒഴിവാക്കിയത് ഡ്രൈവര്‍മാരുടെ ജാഗ്രത സംഭവത്തില്‍ നാട്ടുകാര്‍ രണ്ടുപേരെ പിടികൂടി പൊലിസിന് കൈമാറി
വടകര: ദീപ്തി ഗ്യാസ് ഏജന്‍സിയിലേക്ക് പാചക വാതകവുമായി വരികയായിരുന്ന ലോറികള്‍ക്കു നേരെ തിരുവങ്ങൂരില്‍ അക്രമം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ എല്‍.പി.ജി ഗ്യാസുമായെത്തിയ കെ.എല്‍ 18 ക്യു 4766, കെ.എല്‍ 18 ക്യു 1684 എന്ന ലോറികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.
കോര്‍പറേഷന്റെ മംഗലാപുരം എല്‍.പി.ജി പ്ലാന്റില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് പാലക്കാട് പ്ലാന്റില്‍ നിന്ന് അടിയന്തര ലോഡുമായി വടകരയിലേക്ക് വരുമ്പോഴായിരുന്നു അക്രമം. സംഭവത്തില്‍ ലോറിയുടെ ടയറുകളും ഗ്ലാസും തകര്‍ന്നു. തലശ്ശേരി രജിസ്ട്രേഷനിലുള്ള ടവേര കാറിലെത്തിയ സംഘം ലോറികളെ പിന്തുടര്ന്ന് അക്രമം നടത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അക്രമികളില്‍ രണ്ടുപേരെ പിടികൂടി കൊയിലാണ്ടി പൊലിസിനു കൈമാറി. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു.മൂന്നു ലോറികളിലായി 1200 ഗ്യാസ് സിലിണ്ടറുകളാണുണ്ടായിരുന്നത്. ഡ്രൈവര്‍മാരുടെ ജാഗ്രത കാരണമാണ് അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടുന്ന ലോറികളില്‍ ചാടിക്കയറിയ അക്രമികള്‍ ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചു. ഗ്യാസ് ലോറികള്‍ കൊയിലാണ്ടി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തില്‍ കൊയിലാണ്ടി പൊലിസ് കേസെടുത്തു. ഇതോടെ വടകര മേഖലയില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."