എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ക്രോള്‍ എഡിറ്റര്‍മാര്‍ അലഹബാദ് ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദത്ത് ഗ്രാമത്തില്‍ ആളുകള്‍ പട്ടിണികിടക്കുന്നത് റിപോര്‍ട്ട് ചെയ്തതിന് തങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദ സ്‌ക്രോള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മ്മ, എഡിറ്റര്‍ നരേഷ് ഫെര്‍ണാണ്ടസ് എന്നിവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇകഴ്ത്തുകയും നിശബ്ദമാക്കുകയും ശിക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ക്കെതിരേ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഹരജി നല്‍കിയിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ മോദിയുടെ ദത്ത് ഗ്രാമമായ ദൊമാരിയില്‍ ആളുകള്‍ പട്ടിണികിടക്കുന്നതാണ് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തത്.
ലോക്ക്ഡൗണ്‍ പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന വരാണസി ജില്ലയെ എങ്ങനെ ബാധിച്ചുവെന്നതു സംബന്ധിച്ച പരമ്പരയായിരുന്നു സുപ്രിയ ശര്‍മ്മ ചെയ്തത്. ഇതിന്റെ ഭാഗമായി ദൊമാരി ഗ്രാമത്തിലെ വീട്ടുജോലി ചെയ്യുന്ന മാലാദേവി എന്ന സ്ത്രീയുമായി അഭിമുഖം നടത്തുകയും അവര്‍ പറഞ്ഞ കാര്യങ്ങള്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തനിക്ക് റേഷന്‍ കാര്‍ഡില്ലെന്നും ലോക്ക്ഡൗണ്‍ കാരണം ഭക്ഷണം പോലുമില്ലെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പിന്നീട് മാലാദേവി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 501, 269 വകുപ്പുകള്‍ക്ക് പുറമെ 1989ലെ പട്ടിജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എതിരായ അതിക്രമം തടയുന്ന നിയമവും ചുമത്തിയാണ് ഉത്തര്‍പ്രദേശ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാലാദേവി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തങ്ങള്‍ റിപോര്‍ട്ട് തയാറാക്കിയതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. അവര്‍ പറയുന്നതിന്റെ ഓഡിയോ റെകോര്‍ഡിങ് തങ്ങളുടെ പക്കലുണ്ട്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ നിയമത്തെ ദുരുപയോഗം ചെയ്തിരിക്കുകയാണ്.
ഇതിനായി നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."