അധ്യാപക ദമ്പതികള്‍ ഒരേദിവസം പടിയിറങ്ങി
അതിരമ്പുഴ: സാമ്പത്തികശാസ്ത്രം നേരറിവനുഭവ പഠനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കിയ അധ്യാപക ദമ്പതികള്‍ ഒരേ ദിവസം കലാലയത്തിന്റെ പടിയിറങ്ങുന്നു. അമലഗിരി കോളജിലെ ധനതത്വശാസ്ത്ര പഠനവിഭാഗം മേധാവി ഡോ. മെര്‍ളി സഖറിയയും കെ.ഇ കോളജ് ധനതത്വശാസ്ത്ര പഠനവിഭാഗം മേധാവി ഡോ. എ. ജോസുമാണ് 31 വര്‍ഷത്തെ അധ്യാപന ജീവിതത്തിനുശേഷം ഒരേദിവസം വിരമിച്ചത്. 1988ലാണ് ഇരുവരും അധ്യാപന ജീവിതം ആരംഭിച്ചത്.
കോളജുകള്‍ സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിലെ കര്‍ഷകരുടെയടക്കം സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ നേരിട്ടു പഠിക്കാനായി ബിരുദവിദ്യാര്‍ഥികള്‍ക്ക് പ്രോജക്ടുകളിലൂടെ അവസരമൊരുക്കിയത് ഇവരുടെ നേതൃത്വത്തിലായിരുന്നു. ധനതത്വശാസ്ത്ര സിദ്ധാന്തങ്ങളെ നാടിന്റെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെടുത്തി പഠിക്കാനുള്ള അവസരമാണ് പ്രോജക്ടുകളിലൂടെ വിഭാവനം ചെയ്തത്. ഇരു കോളജുകളിലെയും ഇക്കണോമിക്‌സ് വകുപ്പുകള്‍ സംയുക്തമായി അതിരമ്പുഴ പഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും മികച്ച കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും സര്‍വേയിലൂടെ വാര്‍ഡുതോറും കണ്ടെത്തി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നൂതനകാര്‍ഷിക രീതി, വിളസംസ്‌കരണം, വിത്ത് ഉത്പാദനം, ഉല്‍പന്ന അളവ്, ഉത്പന്നഅമൂല്യം അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് വിദ്യാര്‍ഥികള്‍ മികച്ച കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും കണ്ടെത്തിയത്. പരമ്പരാഗത കര്‍ഷകര്‍ ജലപരിപാലനത്തിലടക്കം സ്വീകരിക്കുന്ന മിതവ്യയശീലങ്ങളുടെ ധനതത്വശാസ്ത്രം നേരിട്ടു മനസിലാക്കാന്‍ സംവാദങ്ങളടക്കമുള്ള പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു.
ജൈവകൃഷിയുടെ സാമ്പത്തിക-സാമൂഹിക നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം, നാടന്‍ കാര്‍ഷിക അളവുതൂക്ക ഉപകരണങ്ങളുടെയടക്കം പ്രദര്‍ശനം എന്നിവയും വിദ്യാര്‍ഥികളള്‍ക്കായി സംഘടിപ്പിച്ചു. മൂന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മെഡിക്കല്‍ കോളജ് പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി മെഡിക്കല്‍ കോളജ് മേഖലയെ ഗുരുവായൂര്‍ പോലെ ടൗണ്‍ഷിപ്പായി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് ഡോ. എ. ജോസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറാണ്.
മാന്നാനത്തിന്റെ 2030 വരെയുള്ള വളര്‍ച്ച മുന്നില്‍ക്കണ്ട് ആദ്യമായി മാന്നാനം വികസനരൂപ രേഖ തയാറാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. മാന്നാനത്തിന്റെ ജലഗതാഗത സൗകര്യങ്ങളും ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ സ്വീകരിച്ചത് ഈ വികസനരൂപരേഖയില്‍നിന്നാണ്. മികച്ച അധ്യാപകനെന്ന നിലയില്‍ അറിയപ്പെടുന്ന ഡോ. എ. ജോസ് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും സിന്‍ഡിക്കേറ്റ് നിയമകാര്യ സമിതി കണ്‍വീനറുമാണ്. മൂന്നു പതിറ്റാണ്ടിന്റെ സേവനത്തിനുശേഷം ഇരുവരും പടിയിറങ്ങുന്നത് നാടിന്റെ നേട്ടങ്ങള്‍ പുതുതലമുറയെ പരിചയപ്പെടുത്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."