മുന്‍മന്ത്രി ടി.എസ്. ജോണിന്റെ മരണത്തില്‍ ദുരൂഹത; പൊലിസ് അന്വേഷണം തുടങ്ങി
പത്തനംതിട്ട: മുന്‍ സ്പീക്കറും മന്ത്രിയും കേരളാ കോണ്‍ഗ്രസ്(സെകുലര്‍) നേതാവും ആയിരുന്ന ടി.എസ്. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു. ജോണിന്റെ ജ്യേഷ്ഠസഹോദരന്റെ മക്കളായ സൂസമ്മ രാജന്‍, കുസുമം ബി. ചാക്കോ, സജു ടി. മാത്യു എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം ഒമ്പതിന് രാവിലെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി.എസ്. ജോണിന്റെ അന്ത്യം. തലേന്നു രാത്രി എറണാകുളത്തെ ഫ്‌ളാറ്റില്‍ ആയിരുന്ന ജോണിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇതു തെറ്റാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്‌സാണ് ഉണ്ടായിരുന്നത്. എട്ടിന് രാത്രി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷം വിശ്രമിക്കാന്‍ പോയ ജോണിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു എന്നാണ് നഴ്‌സ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന ജോണിനെ അവിടേക്ക് എത്തിക്കാനോ സമീപ സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിക്കാനോ ഇവര്‍ തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ജോണിന്റെ ചില സുഹൃത്തുക്കളെ വിവരം അറിയിച്ചെന്നാണ് ഹോം നഴ്‌സ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ചികിത്സ ലഭ്യമാക്കാന്‍ സുഹൃത്തുക്കള്‍ കൂട്ടാക്കാഞ്ഞതും സംശയം ഉയര്‍ത്തുന്നു. പിറ്റേന്ന് രാവിലെയാണ് ചേര്‍ത്തലയിലുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ടി.എസ്. ജോണിന്റെ ഉടമസ്ഥതയിലുള്ള എന്‍ജിനിയറിങ് കോളജില്‍ അദ്ദേഹത്തിന്റെ പേരില്‍ നടത്തിയിട്ടുള്ള ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. കോളജുമായി ബന്ധപ്പെട്ട ഇടപാടുകള്‍, മറ്റ് സ്വത്തിടപാടുകള്‍ എന്നിവയെപ്പറ്റി യാതൊരു വ്യക്തതയുമില്ല. ഏക മകന്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ്. മകന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെയാണ് പരാതിയുമായി സ്പീക്കറെ സമീപിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. എഞ്ചിനിയറിങ് കോളജിലെ ഒരു ജീവനക്കാരന്‍, ജോണിന്റെ സന്തതസഹചാരിയായ മാന്നാര്‍ സ്വദേശി എന്നിവരുടെ പേരുകളും പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."