'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്' മുരളീധരനെതിരേ സി.പി.എം മുഖപത്രം
സ്വന്തം ലേഖകന്‍
കൊച്ചി: കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം. 'പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളിറക്കി തുരങ്കം വയ്ക്കാനാണ് മുരളീധരന്‍ ശ്രമിച്ചതെ'ന്ന് ഇന്നലെ പ്രസിദ്ധീകരിച്ച 'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുതെ'ന്ന മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
'സ്വന്തം മന്ത്രാലയം പോലും അതിനു ചെവി കൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു' വെന്നും മുഖപ്രസംഗം തുടരുന്നു. വിദേശകാര്യമന്ത്രാലയം സംസ്ഥാനത്തിന് അയച്ച കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മുരളീധരനും തമ്മില്‍ നടക്കുന്ന വാദപ്രതിവാദമാണ് മുഖപ്രസംഗത്തിന് ആധാരം. കത്തില്‍ സംസ്ഥാനത്തിന് അഭിനന്ദനം കിട്ടിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നതിനെ മുരളീധരന്‍ ഖണ്ഡിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി ബാലനും മുരളീധരനെ വിമര്‍ശിച്ചു രംഗത്തെത്തി. 'കോംപ്ലിമെന്റ്' എന്ന വാക്കിനെ പിടിച്ചായിരുന്നു പിന്നീട് തര്‍ക്കം തുടര്‍ന്നത്.
'മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ ഓക്‌സ്‌ഫെഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാന്‍ അദ്ദേഹം തയാറാകണം.' മുഖപ്രസംഗത്തില്‍ പറയുന്നു. 'കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ പദവി വരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്നു കേള്‍ക്കുമ്പോള്‍ കലി വരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ലെന്നും സംസ്ഥാന ബി.ജെ.പിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലെ അമര്‍ഷമാണോ കാരണ'മെന്നും ദേശാഭിമാനി ചോദിക്കുന്നു.
'എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിനാലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നു കരുതി സമാധാനിക്കുകയേ വഴിയുള്ളൂ' എന്നും 'കേന്ദ്രമന്ത്രിയെന്ന നിലവാരത്തിലേക്ക് ഉയരാന്‍ മുരളീധരന് കഴിഞ്ഞിട്ടില്ലെ'ന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. 'കേരളത്തെ അപഹസിക്കാന്‍ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണെന്നും പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി'യെന്നും ചോദിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."