പെണ്‍കുട്ടിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് മാതാപിതാക്കളും നാട്ടുകാരും
രാജാക്കാട്: ഖജനപ്പാറയില്‍ ഒന്‍പത് വയസുകാരിയെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കുട്ടിയുടെ മതാപിതാക്കളും നാട്ടുകാരും. ഖജനാപ്പാറ സ്വദേശികളായ മുരുകേശന്‍- നിരഞ്ജന ദമ്പതികളുടെ ഇളയ മകളും, ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ കുട്ടിയെ കഴിഞ്ഞ മാസം നാലിനാണ് വീടിനുള്ളിലെ ഉത്തരത്തില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിക്കഷണത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അപകടത്തില്‍പെട്ടതാകനാണ് സാധ്യതയെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിന്മേല്‍ ഖജനാപ്പാറ സ്വദേശി അളകരാജ് (55)നെ മാര്‍ച്ച് 11 ന് രാജാക്കാട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഇയാള്‍ പെണ്‍കുട്ടിയെ ശാരിരികമായി പീഡിപ്പിച്ചു എന്ന് സമ്മതിച്ചിട്ടുണ്ട്. പോക്‌സോ പ്രകാരം കേസെടുത്ത ഇയാള്‍ റിമാന്റിലാണ്. പ്രതി സ്വാധീനമുള്ള ആളായതിനാല്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."