തട്ടിപ്പ് സംഘം വീട്ടിലെത്തിയത് ആസൂത്രിത നീക്കത്തിലൂടെ
സ്വന്തം ലേഖിക
കൊച്ചി: മരടിലെ തന്റെ വീട്ടില്‍ തട്ടിപ്പ് സംഘം എത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെയാണെന്ന് നടി ഷംന കാസിം. ഒട്ടും സംശയം തോന്നാത്ത തരത്തിലുള്ള വിവാഹാലോചനയാണ് സംഘം നടത്തിയത്.
പയ്യനെ മാത്രമല്ല, മാതാപിതാക്കളെയും കുട്ടികളെയും ഉള്‍പ്പടെയുള്ള കുംബാംഗങ്ങളെ സംഘത്തിലുള്ളവര്‍ ഫോണിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇവരുടെ ഫോട്ടോയും കാണിച്ചിരുന്നു.അന്‍വര്‍ അലി,മുഹമ്മദ് അലി എന്നീ പേരുകളിലായിരുന്നു ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷെരീഫിന്റെ പേരില്‍ തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ഷംന പറഞ്ഞു. വിദേശത്തുള്ള തന്റെ പിതാവിനേയും സഹോദരനെയും ഒരു സംശയവും തോന്നാത്ത രീതിയിലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. മാര്‍ച്ച് നാലിനാണ് ആദ്യ ഫോണ്‍കോള്‍ വരുന്നത്. ലോക്ക് ഡൗണ്‍ ആയതിനാലാണ് വീട്ടില്‍ വരാന്‍ കഴിയാത്തതെന്നും ഇടക്ക് പറഞ്ഞിരുന്നു. പിന്നീട് പയ്യന്റെ മാതാപിതാക്കള്‍ എറണാകുളത്തുണ്ടെന്നും വീട്ടില്‍ വരുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയവരെ കണ്ടപ്പോള്‍ പൊരുത്തക്കേടുതോന്നി. ഫോണില്‍ സംസാരിച്ചവര്‍ സംസാരത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. വന്നവരാകട്ടെ തങ്ങള്‍ക്ക് യോജിക്കാത്ത തരത്തിലായിരുന്നു പെരുമാറിയത്. തുടര്‍ന്നാണ് തട്ടിപ്പ് സംഘമാണെന്ന് മനസിലാകുന്നതെന്നും ഷംന പറഞ്ഞു.വിവാഹാലോചന എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയമാണെന്നും ഷംന പറഞ്ഞു. അതേസമയം ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ സധൈര്യം മുന്നോട്ട് വന്ന് പൊലിസില്‍ പരാതി നല്‍കണമെന്നും ഇല്ലെങ്കില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപിക്കുമെന്നും ഷംന പറഞ്ഞു. പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തുവന്നത് നല്ല കാര്യമാണെന്നും തന്റെ വീട്ടില്‍ വിവാഹലോചനയുമായി എത്തിയ അഞ്ചുപേരും അറസ്റ്റിലായെന്നും ഷംന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."