തെരഞ്ഞെടുപ്പ്: പണമോ പാരിതോഷികമോ കൊടുക്കുന്നത് കുറ്റകരം
ആലപ്പുഴ: ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശത്തില്‍ ഇടപെടുംവിധം പണമോ മറ്റ് ഉപഹാരങ്ങളോ നല്‍കുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷന്‍ 171ബി പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ആയ ഏതൊരാള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഏതെങ്കിലും തരത്തിലുള്ള കൈക്കൂലി പണമായോ സാധനമായോ നല്‍കുന്ന ഏതൊരാള്‍ക്കെതിരെയും വാങ്ങുന്നവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ സ്വീകരിക്കുന്നതില്‍ നിന്ന് സ്വയം മാറിനില്‍ക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തി ശ്രദ്ധയില്‍പ്പെടുകയോ ആരെങ്കിലും അത്തരത്തില്‍ സമീപിക്കുകയോ ചെയ്താല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിങ് സെല്ലിന്റെ കോള്‍ സെന്റര്‍ നമ്പരായ 1950 ല്‍ വിവരം അറിയിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."