മത്സ്യവിപണനത്തിന് പുതിയ പദ്ധതിയുമായി മത്സ്യഫെഡ്
കോഴിക്കോട്്: മത്സ്യവിപണനത്തിന് 'തീരത്തില്‍നിന്ന് വിപണിയിലേക്ക്' പദ്ധതിയുമായി മത്സ്യഫെഡ്. മത്സ്യ സംഭരണം, കച്ചവടം എന്നിവയില്‍ ഇടപെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തീരദേശ ലേല സംവിധാനം ശക്തിപ്പെടുത്തുകയും 100 കോടി രൂപ ചെലവഴിച്ച് തീരദേശത്ത് മത്സ്യ സംഭരണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് മത്സ്യ ഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സ്യ ഫെഡിന്റെ മത്സ്യ മാര്‍ട്ടുകളുടെ എണ്ണം 200 ആക്കുകയും മത്സ്യ കയറ്റുമതി കമ്പനികളുമായി ഉടമ്പടി കരാര്‍ ഉണ്ടാക്കുകയും ചെയ്യും. മൊബൈല്‍ ഫിഷ് മാര്‍ട്ടുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന അന്തിപ്പച്ച മത്സ്യവില്‍പന പദ്ധതി വ്യാപിപ്പിക്കാനാവശ്യമായ നടപടികളും കൈക്കൊള്ളും.
ശിക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതോടെ മായം കലര്‍ന്ന മത്സ്യം കൊണ്ടുവരുന്നതും വില്‍ക്കുന്നതും ഒരു പരിധി വരെ തടയാനാവും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ നിലവില്‍ 10,000 രൂപ പിഴ ചുമത്തിയിരുന്നത് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിക്കാനും ആറുമാസം വരെ തടവ് ശിക്ഷ നല്‍കാനും ഉതകുന്ന വിധത്തില്‍ നിയമ നിര്‍മാണം നടത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. കേരളത്തിലെ തീരദേശങ്ങളില്‍ പ്രാദേശികമായി പിടിച്ച് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ മത്സ്യഫെഡ് വിപണനം നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബോര്‍ഡ് അംഗം സി.പി രാമദാസന്‍, ജില്ലാ മാനേജര്‍ വത്സ ജോസ്, ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."