തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയിലെ ക്രമക്കേട് പരിഹരിക്കാന്‍ നടപടി; പരേതരുടെ പേരുകള്‍ നീക്കം ചെയ്യും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍നിന്ന് പരേതരെ നീക്കംചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികളാരംഭിച്ചു. ഒരു വീട്ടിലുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ പല ഭാഗത്തായി ചിതറിക്കിടക്കുന്നതും പരിഹരിക്കും. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. വോട്ടര്‍പട്ടിക പരിശോധിച്ച് മരിച്ചവരുടെ പേരുവിവര പട്ടിക തയാറാക്കി സമര്‍പ്പിക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഈ പട്ടിക പരിശോധിച്ച് അടുത്ത പുതുക്കല്‍ വേളയില്‍ മരിച്ചവരുടെ പേരുകള്‍ ഒഴിവാക്കാനാണ് കമ്മിഷന്റെ തീരുമാനം. വോട്ടര്‍പട്ടികയില്‍ പലഭാഗത്തായി ചിതറിക്കിടക്കുന്ന ഒരു വീട്ടിലെ അംഗങ്ങളുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നുള്ള സാക്ഷ്യപത്രം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രത്യേക റിപ്പോര്‍ട്ടാക്കി കമ്മിഷന് സമര്‍പ്പിക്കണം. ഓഗസ്റ്റില്‍ വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇതിന് ശേഷം തെറ്റ് തിരുത്തിയാവും അന്തിമ വോട്ടര്‍പട്ടിക ഇറക്കുക.
അതേസമയം, പേരുകള്‍ ഇരട്ടിച്ചത് ഒഴിവാക്കുന്ന കാര്യത്തില്‍ കമ്മിഷന്‍ മൗനംപാലിക്കുകയാണ്. ഈമാസം 17നാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവരുടെ പേരുകള്‍ നീക്കാത്തതിന് പുറമെ പേരുകള്‍ ഇരട്ടിച്ചതും ഒരേ വീട്ടിലെ വോട്ടര്‍മാര്‍ പട്ടികയുടെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നതായും നിരവധി പരാതികളാണ് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുയര്‍ന്നത്.
2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ പുതുതായി ചേരാനുള്ളവര്‍ക്ക് അവസരം നല്‍കിയിരുന്നു. മരിച്ചവരുടെ പേരുകള്‍ നീക്കംചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് പലയിടത്തും പട്ടിക പ്രസിദ്ധീകരിച്ചത്. കൊവിഡ് കാലമായതിനാല്‍ അപേക്ഷകരുടെ ഹിയറിങ് നടത്തുന്നതിനും അന്വേഷണത്തിനും ചില തടസങ്ങളുണ്ടായതിനാലാണ് പരാതികള്‍ ഉണ്ടായതെന്നാണ് കമ്മിഷന്റെ നിലപാട്.
തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി നവംബര്‍ 12ന് അവസാനിക്കും. ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്തി നവംബറിന്റെ തുടക്കത്തില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രമീകരണങ്ങള്‍ നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."