ആത്മീയ വിദ്യാഭ്യാസത്തിന്റെ ബാലപാഠം നുകരാന്‍ ആഹ്ലാദത്തോടെ കുരുന്നുകളെത്തി
കളമശ്ശേരി: പുതിയ ഉടുപ്പും പുസ്തകങ്ങളുമായി ആത്മീയവിദ്യാഭ്യാസത്തിന്റെ മധുരം നുകരാന്‍ കുരുന്നുകള്‍ ആഹ്ളാദത്തോടെ മദ്റസകളിലേക്ക് എത്തി. സന്തോഷത്തോടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം മദ്റസകളില്‍ എത്തിയ നവാഗതരെ മുതിര്‍ന്ന കുട്ടികളും മദ്രസാ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. പല മദ്റസകളിലും മധുരം വിളമ്പിയും പുതിയ കുട്ടികള്‍ക്ക് ബാഗും പുസ്തകങ്ങളും സൗജന്യമായി നല്‍കിയുമാണ് കുരുന്നുകളെ സ്വീകരിച്ചത്.
സമസ്തകേരളാ ഇസ്ലാം വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിലും പുറത്തുമുള്ള മദ്റസകളിലായി ഒന്നരലക്ഷത്തോളം നവാഗതരാണ് മതപഠനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ എത്തിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരി പളളിലാംകര നൂറുല്‍ഹുദാ മദ്റസയിലായിരുന്നു ഈ വര്‍ഷത്തെ മദ്രസാ പഠനാരംഭത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന് ഫൈസി പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഇഹലോകത്തേക്കും പരലോകത്തേക്കുമുള്ള അറിവിന്റെ തുടക്കമാണ് മദ്രസകളിലെന്ന് ഇ.എസ് ഹസന് ഫൈസി പറഞ്ഞു. കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസരംഗത്ത് വരുത്തി മുന്നേറുന്ന സമസ്തയുടെ മദ്റസകള്‍ നവവിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതാവസാനം വരെ പ്രയോജനപ്പെടുന്ന അറിവുകള്‍ മദ്റസകളില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളുവെന്നും ഹസന് ഫൈസി പറഞ്ഞു. നൂറുല്‍ഹുദ മദ്രസ പ്രസിഡണ്ട് എ.എം.പരീദ് അധ്യക്ഷനായി. സമസ്ത ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ.മുഹമ്മദ് ദാരിമി ഖുര്‍ആന്‍ സന്ദേശം നല്കി. നേരറിവ് നല്ല നാളേയ്ക്ക് എന്ന പ്രമേയം പ്രൊഫസര്‍ സി.എച്ച് അബ്ദുല്‍ ലത്തീഫ് വിശദീകരിച്ചു.
സമസ്ത ജംഇയത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഐ.ബി.ഉസ്മാന് ഫൈസി, ജനറല്‍ സെക്രട്ടറി കെ.എച്ച്.അബ്ദുസമദ് ദാരിമി, പി.എസ്.അസൈനാര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. കളമശ്ശേരി റെയിഞ്ച് പ്രസിഡന്റ് ഷറഫുദ്ദീന് തങ്ങള്‍ ദുആക്ക് നേതൃത്വം നല്കി. ജില്ലയില്‍ മാത്രം 272 മദ്രസകളിലായി 26000 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം മദ്രസാ പഠനത്തിന് എത്തിയത്. റെയിഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ മദ്രസകളിലും പഠനാരംഭ ചടങ്ങുകള്‍ നടന്നു. ദീനീവിദ്യാരംഭത്തിനെത്തിയ പുതിയ കൂട്ടുകാര്‍ക്കു സ്വാഗതമേകാന്‍ സുന്നി ബാലവേദി, മദ്രസ മാനേജ്മെന്റ് അസോസിയേഷന്, എസ് കെ എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."