ഇ- മൊബിലിറ്റി പദ്ധതിയില്‍ അഴിമതി; വിലക്കുള്ള കമ്പനിയ്ക്ക് കരാര്‍; സര്‍ക്കാരിനെതിരെ വീണ്ടും ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ-മൊബിലിറ്റി പദ്ധതി എന്ന പേരില്‍ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമാണ്. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. സത്യം കുംഭകോണം, വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് ഇത്.
മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്.
ജസ്റ്റീസ് എ.പി. ഷാ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ ഇക്കാര്യം ചുണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സി.ബി.ഐ ഡയറക്ടര്‍ക്കും ആര്‍.ബി.ഐ ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. പ്രശാന്ത് ഭൂഷനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ കമ്പനിയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര താല്‍പര്യമെന്നും ചെന്നിത്തല ചോദിച്ചു.
കണ്‍സള്‍ട്ടന്‍സി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."