രാജ്യത്തെ ആദ്യ ലൈഫ് സ്കൂള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നേടിക്കൊണ്ടിരിക്കുന്ന സമാന്തര വിദ്യാഭ്യാസ ജീവിത പാഠശാല ആശയവുമായി ഇന്ത്യയിലെ ആദ്യത്തെ ലൈഫ് സ്കൂളിന്റെ ലോഞ്ചിങ് കോഴിക്കോട് മുക്കത്ത് ഉന്നത വിദ്യാഭ്യാസ കാര്യ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. കാലിഫ് വേള്‍ഡ് ഫൗണ്ടേഷന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ലൈഫ് സ്കൂള്‍ വിദേശരാജ്യങ്ങള്‍ പിന്തുടരുന്ന വിദ്യാഭ്യാസ രീതിയായ വണ്‍ ടു വണ്‍ എജ്യുക്കേഷന്‍, യുനെസ്കോ നിര്‍ദേശിക്കുന്ന സമാന്തര പഠന രീതി എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്.
പത്ത് ഏക്കറില്‍ ഏഴ് സ്ഥാപനങ്ങളിലായി വരുന്ന കാംപസില്‍ ഔദ്യോഗിക അക്കാദമിക് പഠനങ്ങള്‍ക്ക് പുറമെ കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയുകയും മാതൃകാനുസരമായ സ്വഭാവശീലങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന കരിക്കുലമാണ് ഒരുക്കിയിരിക്കുന്നത്.
കാലിഫ് ലൈഫ് സ്കൂള്‍ ചെയര്മാന് എ.കെ ഇസ്മായില്‍ വഫ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ലോഗോപ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ ഗഫൂര്‍ സൂര്യ, അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ഡയരക്ടര്‍ കെ.എം അബ്ദുല്‍ റഷീദ്, പത്മശ്രീ കെ.കെ മുഹമ്മദ്, ഡോ. ഹുസൈന് രണ്ടത്താണി, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, എന്‍.കെ അബ്ദുല്‍ റഹ്മാന്, സി.പി ചെറിയ മുഹമ്മദ്, അഹമ്മദ് കുട്ടി അറളയില്‍ സംബന്ധിച്ചു. അംജദ് വഫ സ്വാഗതവും കെ.പി ഫത്താഹ് റഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."