ഡി.ജി.പി തട്ടിപ്പ്കേസില്‍ പ്രതിയെന്ന് പ്രതിപക്ഷം; ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വായ്പാതട്ടിപ്പില്‍ പ്രതിയായ അഡ്വ. മഞ്ചേരി ശ്രീധരന് നായരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി) സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. നിലമ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ആറ് ഏക്കര്‍ ഭൂമി ഈടുനല്‍കി മറ്റ് ഡയറക്ടര്‍മാര്‍ അറിയാതെ അഞ്ചുകോടി രൂപ ശ്രീധരന് നായര്‍ വായ്പയെടുത്തുവെന്നാണ് കേസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കള്ളനോട്ടുകേസിലെ പ്രതി റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കുന്നത് പോലെയാണ് ശ്രീധരന് നായര്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലായിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കേണ്ട ആള് തന്നെ കേസില്‍ പ്രതിയായിരിക്കുന്ന അവസ്ഥയാണുള്ളത്. തല്‍സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഉടന്‍തന്നെ മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ഡി.ജി.പി മഞ്ചേരി ശ്രീധരന് നായര്‍ക്കെതിരേ നിലവില്‍ കേസുകളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അദ്ദേഹം തട്ടിപ്പ് നടത്തിയതായി കരുതുന്നില്ല. അതുകൊണ്ടു തന്നെ പദവിയില്‍ നിന്ന് മാറ്റേണ്ട കാര്യവുമില്ല. വായ്പ എടുക്കാനുള്ള തീരുമാനം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് എടുത്തത്. വായ്പ എടുക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ട ഏഴുപേരില്‍ ഒരാള്‍ മാത്രമാണ് ശ്രീധരന്നായരെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."