പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്
പടിഞ്ഞാറത്തറ: വര്‍ഷങ്ങളോളമായി റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ദ്രുതഗതിയില്‍ പണി പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.ഐ ഷാനവാസ് എം.പി .
പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കേഡര്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലേക്ക് പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി പോകുമ്പോള്‍ 16 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. എന്നാല്‍ വനഭൂമിയിലൂടെ നിര്‍മാണം നടത്താനുള്ള അനുമതിലഭിക്കാത്തതാണ് മുടങ്ങാന്‍ കാരണം.
പൂഴിത്തോടുനിന്നും പടിഞ്ഞാറത്തറ നിന്നും വനാതിര്‍ത്തിവരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വനത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് ഇനി നിര്‍മിക്കേണ്ടത്. 1993ല്‍ റോഡിന് ആവശ്യമായ വനഭൂമി നല്കാന് വനംവകുപ്പ് തീരുമാനിച്ചതാണ്.
നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനംവകുപ്പിന് വിട്ടുനല്‍കിയിരുന്നു. എന്നിട്ടും കാര്യങ്ങള്‍ പാതിയില്‍ മുടങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വയനാടിനെ ഒറ്റപ്പെടുത്താനുള്ള ധിക്കാരപരമായ നടപടിയാണ് ഇതിനു പിന്നില്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1994 സെപ്തംബര്‍ 23ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഈ പ്രവൃത്തി നടന്നിട്ട് 20 വര്‍ഷത്തിലേറെയായി. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പണി പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ച് മുടങ്ങിക്കിടക്കുന്ന പണികള്‍ ഉടന്‍ ആരംഭിക്കുവാനുമുള്ള നടപടി സ്വീകരിക്കുമെന്നും എം.പി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.ഡി അപ്പച്ചന്, കെ.എല്‍ പൗലോസ്, പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, പി.കെ അബ്ദുറഹിമാന്, എം.ജി ബിജു, പി.കെ അനില്‍ കുമാര്‍, മാണി ഫ്രാന്‍സിസ് സംസാരിച്ചു. സത്യപ്രകാശ് സ്വാഗതവും, പി നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."