ഓട്ടോറിക്ഷ പുഴയില്‍ മറിഞ്ഞു; കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്ക്
നീലേശ്വരം: കോട്ടപ്പുറം പാലത്തിനു സമീപം ഓട്ടോറിക്ഷ പുഴയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. മടക്കരയിലെ അബ്ദുല്ല-ഷരീഫ ദമ്പതികളുടെ മകള്‍ അഫീഫ(4), രാമന്തളിയിലെ സെയ്ദിന്റെ ഭാര്യ റംസീന(28), ഇവരുടെ മകന്‍ സബീഹ്(4), മടക്കരയിലെ സിറാജിന്റെ ഭാര്യ നഫീസത്ത്(30), മകള്‍ ഫാത്തിമ(6), തൃക്കരിപ്പൂരിലെ സീനത്ത്(28), ഡ്രൈവര്‍ ആനച്ചാലിലെ മുസ്താഖ് (26)എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നലെ രണ്ടോടെയായിരുന്നു സംഭവം.
നടപ്പാലത്തിന്റെ സമീപത്തുള്ള ഇടുങ്ങിയ റോഡിലൂടെ വരുമ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പുഴയിലേക്കു മറിയുകയായിരുന്നു. വര്‍ഷങ്ങളായി ഈ റോഡ് ടാറിളകി ഗതാഗതയോഗ്യമല്ലാതായിട്ട്. വാഹനങ്ങള്‍ പുഴയിലേക്കു മറിയാതിരിക്കാനുള്ള സുരക്ഷാ വേലിയും ഇവിടെയില്ല.
കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണു വലിയ ദുരന്തം ഒഴിവാക്കിയത്.
സത്യന്‍, സുനില്‍, സജീവന്‍, മധു, വിനോദ്, ഷിജില്‍, സുരേശന്‍, വിനു എന്നിവര്‍ നേതൃത്വം നല്‍കി. ക്രെയിന്‍ കൊണ്ടുവന്നാണു റിക്ഷ കരയ്ക്കു കയറ്റിയത്. പരുക്കേറ്റവരെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നു പിന്നീടു രണ്ടു കുട്ടികളില്‍ ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലും മറ്റൊരു കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."