വയനാട്ടിലെ കരുത്ത് അങ്കത്തട്ടില്‍ കാണാമെന്ന് പിണറായി
കോഴിക്കോട്: വയനാട്ടിലേക്ക് വരുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവിന് ഇടതുമുന്നണിയുടെ കരുത്ത് ആ അങ്കത്തട്ടില്‍ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് സംഘടിപ്പിച്ച എല്‍.ഡി.എഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണോ ബി.ജെ.പിയെ വളര്‍ത്താനാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഏത് ബി.ജെ.പിയെ നേരിടാനാണ് അഖിലേന്ത്യ നേതാവ് വരുന്നത്. വയനാട്ടില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയുണ്ടോ, ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പിന്തുണക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ബി.ജെ.പി അത് അതേപടി സ്വീകരിച്ചിട്ടുണ്ട്.
ഇടതുപക്ഷം വയനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജയിക്കാനാണ്. വയനാട്ടുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതം വരുത്തിവച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നത് കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോഴായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചുപോയി എന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുമോ. കര്‍ഷകര്‍ക്ക് തിരിച്ചടിയായ ആസിയാന്‍ കരാറുണ്ടാക്കിയത് ഈ സ്ഥാനാര്‍ഥികൂടി പങ്കുവഹിച്ചായിരുന്നല്ലോ. ഇപ്പോള്‍ ഈ കരാറിനെ കുറിച്ച് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളത്.
കോണ്‍ഗ്രസിനെ വളര്‍ത്താനാണോ ബി.ജെ.പിയെ വളര്‍ത്താനാണോ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കണം. എ.ഐ.സി.സി ഭാരവാഹികള്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാര്, കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിങ്ങനെ വലിയ നിരയാണ് ഇന്ന് ബി.ജെ.പിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.പി. കിഷന്‍ചന്ദ് അധ്യക്ഷനായി. കോഴിക്കോട് ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍, മന്ത്രിമാരായ എ.കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, എം.പിമാരായ എം.പി വീരേന്ദ്രകുമാര്‍, എളമരം കരീം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.എല്‍.എമാരായ സി.കെ നാണു, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, ടി.വി ബാലന്, കെ.ജി പങ്കജാക്ഷന്, അഡ്വ. പി.എ മുഹമ്മദ് റിയാസ്, പി. മോഹനന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."