ലോക്ക്ഡൗണ്‍ കാലത്ത് സമൂഹ അടുക്കള പുകഞ്ഞത് 20 ദിവസം മാത്രം
കൊണ്ടോട്ടി: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ആരംഭിച്ച സമൂഹ അടുക്കളകള്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചത് 20 ദിവസം മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ മെയ് 17 വരെ സമൂഹ അടുക്കള, കുടുംബശ്രീ ജനകീയ ഹോട്ടല്‍ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ ദിനംപ്രതി കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയ മെയ് 17വരെയുളള കണക്കുകളാണ് സര്‍ക്കാര്‍ ആദ്യം തേടിയിരുന്നത്.
സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുളളത്. കൊവിഡ് ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ നിരാലംബരായവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കാനാണ് മാര്‍ച്ച് 30 മുതല്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളും സമൂഹ അടുക്കളകള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ആദ്യ ദിനത്തില്‍ തന്നെ 1,304 സമൂഹ അടുക്കളയാണ് ആരംഭിച്ചത്. ഒരു തദ്ദേശ സ്ഥാപനങ്ങളില്‍ തന്നെ ഒന്നിലധികം സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഏപ്രില്‍ മൂന്നിന് 1,323 അടുക്കളകള്‍ പ്രവര്‍ത്തിച്ച സംസ്ഥാനത്ത് ഏപ്രില്‍ നാലിന് 1,282 ആയി കുറഞ്ഞു. ഏപ്രില്‍ 20 ആയപ്പോഴേക്കും 1,209 അടുക്കളായി വീണ്ടു കുറഞ്ഞു. പിന്നീടുളള ദിവസങ്ങളില്‍ സമൂഹ അടുക്കളകള്‍ ഗണ്യമായി കുറഞ്ഞു വരികയായിരുന്നു. മെയ് 17ന് ലോക്ക് ഡൗണ്‍ ഇളവ് വന്ന ദിവസം 853 തദ്ദേശ സ്ഥാപനങ്ങളിലാണ് അടുക്കളകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 347 തദ്ദേശ സ്ഥാപനങ്ങളിലും സമൂഹ അടുക്കളകള്‍ അടച്ചുപൂട്ടി.
സമൂഹ അടുക്കളകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കുടുംബശ്രീ ഹോട്ടലുകള്‍ക്കും പിന്നീട് താഴിടേണ്ട അവസ്ഥയായിരുന്നു. 20 രൂപക്ക് ഊണ് അടക്കം വെച്ചു വിളമ്പിയാണ് കുടുബശ്രീ ജനകീയ ഹോട്ടല്‍ സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ചത്. ഏപ്രില്‍ നാലിനാണ് കുടുംബശ്രീ 215 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. ഇത് പിന്നീട് കഴിഞ്ഞ മെയ് 11ന് 433 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ മെയ് 17 ആയപ്പോഴേക്കും 299 ആയി ജനകീയ ഹോട്ടലുകളും കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."