മഞ്ചേരിയിലെ മാലിന്യം നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി
മഞ്ചേരി: മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന മഞ്ചേരി നഗരസഭക്ക് താലൂക്ക് വികസന സമിതി യോഗത്തിലും വിമര്‍ശനം. നഗരസഭാ മത്സ്യ മാര്‍ക്കറ്റില്‍ ശുചിത്വമില്ലെന്ന് ഏറനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
ജലഅതോറിറ്റി വഴി മാര്‍ക്കറ്റിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ശുചീകരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നില്ല. പ്രശ്നം ഉടനടി പരിഹരിക്കണമെന്നും നഗരത്തില്‍ കേടുപാടു സംഭവിച്ച തെരുവുവിളക്കുകള്‍ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാത്ത സ്കൂള്‍ ബസുകള്‍ ഉണ്ടെന്നും അടിയന്തിരമായി പുതുക്കാന്‍ അതാത് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി റീജിണല്‍ ട്രാന്‍സ്പോട്ട് ഓഫിസര്‍ അറിയിച്ചു.
ഗവ. മെഡിക്കല്‍ കോളജില്‍ ദിവസവും നാലുവരെ പനി വാര്‍ഡ് പ്രവര്‍ത്തിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഒന്നാംഘട്ടം പത്തിന് അവസാനിക്കും. 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
അപേക്ഷ സ്വീകരിക്കുന്നതിന് സമയ പരിധി നിശ്ചയിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസറും കച്ചേരിപടിയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയറും അറിയിച്ചു.
യോഗത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ ടി.പി വിജയകുമാര്‍ അധ്യക്ഷനായി. പി.വി ശശികുമാര്‍, കാവനൂര്‍ പി. മുഹമ്മദ്, കെ.ടി ജോണി, സജി ഔസേപ്പുപറമ്പില്‍, സി.ടി രാജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."