ഇതാ സാക്ഷ്യം, സാക്ഷരകേരളം
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ (2017-20) സംസ്ഥാനത്ത് സാക്ഷരത നേടിയത് 1,05565 പേര്‍. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ഇരട്ടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2013-16 വര്‍ഷത്തില്‍ സാക്ഷരത നേടിയവര്‍ 4200 പേര്‍ മാത്രമായിരുന്നു. സാക്ഷരതാരംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കിയ അക്ഷരലക്ഷം പദ്ധതിയിലൂടെ 42,933 പേരാണ് സാക്ഷരത നേടിയത്. സംസ്ഥാനത്ത് നിരക്ഷരര്‍ കൂടുതലായി കേന്ദ്രീകരിച്ചിരുന്ന 2000 കോളനികളില്‍ നടത്തിയ പ്രത്യേക സാക്ഷരതാ പദ്ധതിയിലൂടെ 30755 പേര്‍ സാക്ഷരത നേടി.
വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും നടപ്പിലാക്കുന്ന പ്രത്യേക ആദിവാസി സാക്ഷരതാ തുല്യതാ പരിപാടികളിലൂടെ ഇതുവരെ 10,972 പേര്‍ സാക്ഷരത നേടി.
തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം തീരദേശ സാക്ഷരതാ - തുല്യതാ പദ്ധതി വഴി സാക്ഷരത നേടിയവരുടെ എണ്ണം 8814 ആണ്. ഈ പദ്ധതിയിലൂടെ 4454 പേര്‍ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലൂടെ മൊത്തം 3957 പേര്‍ സാക്ഷരത നേടി.
പട്ടികവര്‍ഗ കോളനികളിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതിയായ 'സമഗ്ര' യിലൂടെ ഇതുവരെ സാക്ഷരത നേടിയത് 1996 പേരാണ്. ഈ പദ്ധതിയില്‍ 941 പേര്‍ നാലാംതരവും 211 പേര്‍ ഏഴാംതരവും വിജയിച്ചു. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന, പട്ടികവര്‍ഗ വികസനവകുപ്പ് കണ്ടെത്തി നല്‍കിയ 100 കോളനികളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
പട്ടികജാതി കോളനികളിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനായി നടപ്പിലാക്കിയ 'നവചേതന' പദ്ധതിയിലൂടെ സാക്ഷരത നേടിയവരുടെ എണ്ണം 3406 ആണ്. നവചേതന പദ്ധതിയിലൂടെ 1410 പേര്‍ നാലാംതരം വിജയിച്ചു.
തിരുവനന്തപുരം നഗരസഭയുമായി സഹകരിച്ച് നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടപ്പിലാക്കിയ അക്ഷരശ്രീ പദ്ധതിയിലൂടെ 2732 പേര്‍ സാക്ഷരതയും 2219 പേര്‍ നാലാംതരം തുല്യതയും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."