ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍നിന്ന്: രമേശ് ചെന്നിത്തല
കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് ഇതുവരെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി വയനാട്ടില്‍ നിന്നുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ഗാന്ധിയുടെ വരവോടെ കേരളരാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ കൊടുവള്ളി മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ പോയി മത്സരിക്കുന്നതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്ക് നിരക്കാത്തതാണ്. വിവിധ ജാതി മതവിഭാഗങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന നാടാണ് വയനാട് . ധീര പഴശ്ശി ഉള്‍പ്പെടെയുള്ള ധീരന്‍മാരുടെ നാടാണിത്. വയനാടിന്റെ മതേതരത്വവും മതസൗഹാര്‍ദ്ദവും ഇല്ലാതാക്കാനും മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണ്.
ദേശീയ തലത്തില്‍ ഒരു മതേതര ജനാധിപത്യ മുന്നണി ഉണ്ടാവാതെ പോയത് സി.പി.എം നേതാക്കളുടെ തെറ്റായ നയങ്ങള്‍ മൂലമാണ്. ഇന്ത്യയില്‍ ജനാധിപത്യ മതേതര ഐക്യത്തെ പൊളിച്ച ആളുകളാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്ന് വിമര്‍ശിക്കുന്നത്. ഇപ്പോള്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സ്വരം ഒന്നായി മാറിയിരിക്കുകയാണ്. ദേശാഭിമാനിയും ജന്‍മഭൂമിയും പരസ്പരം മനസിലാവാത്ത അവസ്ഥയാണ്. സി.പി.എമ്മും ബി.ജെ.പിയും കൂടുതല്‍ കൂടുതല്‍ അടുക്കുന്ന സാഹചര്യം കേരളത്തില്‍ വളര്‍ന്നുവരികയാണ്. അതിനെതിരെയാണ് യു.ഡി.എഫിന്റെ പോരാട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരു തരത്തിലുള്ള ചലനങ്ങളുമുണ്ടാക്കാന്‍ കഴിയില്ല. 543 എം.പിമാരുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം മത്സരിക്കുന്നത് 50ല്‍ താഴെയാണ്. ആര്‍.എസ്.എസിനെയും ബിജെ.പിയെയും താഴെയിറക്കാന്‍ ഇത് കൊണ്ടാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ദേശീയ പാര്‍ട്ടിയെന്ന നിലയിലുള്ള അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എം ഉമ്മര്‍മാസ്റ്റര്‍ അധ്യക്ഷനായി. നിയോജകമണ്ഡലം കണ്‍വീനര്‍ ഭരതന്‍മാസ്റ്റര്‍ , സി. മോയിന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, കെ.സി അബു, നാസര്‍ എസ്റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. പി.എം നിയാസ്, പി.പി കുഞ്ഞായിന്‍, പോള്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ഹംസ ഹാജി, പ്രേംജി ജെയിംസ്, പി.സി ഹബീബ് തമ്പി, അത്തിയത്ത്, സലീം പുല്ലടി, അനില്‍ ജോര്‍ജ്ജ്, ബിജു കണ്ണന്തറ, മുഹമ്മദ് മോയത്ത്, ഹാരിസ് അമ്പായത്തോട്, എം.ഡി ലൂക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."