ഒരു മണിക്കൂര്‍ അധിക ജോലി: പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒരു മണിക്കൂര്‍ അധിക ജോലി പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഡോക്ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിനാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സഹനദിനമായി ആചരിച്ച് പ്രതിഷേധം നടത്തുന്നത്. പ്രധാന ആശുപത്രികളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 10 പേര്‍ പങ്കെടുക്കുന്ന പ്രതിഷേധവും നടത്തും.
സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുക, തുടര്‍ച്ചയായി മൂന്നര മാസമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സന്റീവ് നല്‍കുക, പ്രധാന ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കുന്നതിന് ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.വൈ, കെ.എ.എസ്.പി തുടങ്ങിയ പദ്ധതികളുടെ മുടങ്ങിക്കിടക്കുന്ന ഫണ്ട് നല്‍കുക, കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും മറ്റ് ആശുപത്രികളിലും രോഗികളുടെ എണ്ണമനുസരിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് അനുബന്ധ സ്റ്റാഫുകളെയും കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുക, പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി തുടങ്ങിയ ആശുപത്രികളിലെ ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിന് പകരം കോംപന്‍സേറ്ററി അവധി എടുക്കുന്നതിനുള്ള അനുമതി നല്‍കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് വിശ്രമം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഹനദിനാചരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."