വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം: 10 ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു
കുന്നംകുളം: പെരുമ്പിലാവില്‍ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം. 10ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്‌കൂളിന് സമീപത്തുള്ള ഫോര്‍ സ്‌നാപ് സ്റ്റുഡിയോയില്‍ നിന്നാണ് 10 ലക്ഷത്തോളം രൂപ വിലയുള്ള കാമറകളും ലന്‍സുകളും ഹെലികാമും മോഷ്ടിച്ചിട്ടുള്ളത്.
മങ്ങാട് തിരുത്തി പറമ്പില്‍ പ്രവീണ്‍, ഫസലു എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. നാലുവര്‍ഷമായി അക്കിക്കാവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്. മൂന്നുലക്ഷം രൂപ വില വരുന്ന 5ഡി മാര്‍ക്ക് ഫോര്‍ കാമറയും രണ്ടുലക്ഷം രൂപ വിലവരുന്ന അഞ്ച് ഡി മാര്‍ക്ക് ത്രീ കാമറ രണ്ടെണ്ണവും, ഒന്നര ലക്ഷം രുപ വില വരുന്ന ആറ് ഡി കാമറയും ഹെലിക്യാമറയും ടെലി ലെന്‍സും മറ്റു ലന്‍സുകളുമാണ് മോഷണം പോയത്. അക്കിക്കാവ് കുരുയത്തോട് സ്വദേശി പ്രദീപിന്റെ മെഡിക്കല്‍ ഷോപ്പ്, ഫ്രിഡ്ജ് റിപയറിങ് ഷോപ്പ്, പട്ടാമ്പി വങ്കത്തൊടി വീട്ടില്‍ ഷാഫിയുടെ കൂള്‍ ബാര്‍, പെരുമ്പിലാവ് കോട്ടപൂറത്ത് വീട്ടില്‍ പ്രദീപിന്റെ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് എന്നിവയുടെ പൂട്ടും കുത്തിത്തുറന്നിട്ടുണ്ട്. കൂള്‍ബാറില്‍ സ്ഥാപിച്ച കാമറ കള്ളന്‍ തകര്‍ത്തെങ്കിലും ചിത്രം കാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.കുന്നംകുളം പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."