കശ്മിര്‍ അക്രമം: കണ്ണിന് പരുക്കേറ്റവരെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം
ശ്രീനഗര്‍: സുരക്ഷാസേനയും നാട്ടുകാരും തമ്മിലുണ്ടായ അക്രമത്തിനിടയില്‍ കണ്ണിനു പരുക്കേറ്റവരെ ചികിത്സിക്കുന്നതിനു ഡല്‍ഹിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേകസംഘം കശ്മിരിലെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരാണ് ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ(എ.ഐ.ഐ.എം.എസ്) വിദഗ്ധരായ മെഡിക്കല്‍ സംഘത്തെ കശ്മിരിലേക്ക് അയച്ചത്.
തീവ്രവാദ സംഘടനാ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മിരില്‍ വ്യാപകമായ അക്രമമാണ് ഉണ്ടായത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി സുരക്ഷാസേന നടത്തിയ നീക്കമാണ് പലര്‍ക്കും കണ്ണിനു പരുക്കേല്‍ക്കാന്‍ ഇടയാക്കിയത്. പ്രതിഷേധക്കാരെ നേരിടാന്‍ സുരക്ഷാസേന ഉപയോഗിച്ച വെടിയുണ്ടകളുടെ ചീളുകള്‍ തെറിച്ചാണ് പലരുടേയും കണ്ണിന് പരുക്കേറ്റത്. റബര്‍ ബുള്ളറ്റുകളുള്ള ചെറുതോക്കുകള്‍ ഉപയോഗിച്ചാണ് സുരക്ഷാസേന പ്രതിഷേധക്കാരെ എതിരിട്ടത്. മാരകമായി പരുക്കേല്‍ക്കുന്നതല്ലെങ്കിലും കണ്ണിനു മുറിവേറ്റത് കാഴ്ചയില്ലാതാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 36 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. സംഭവത്തില്‍ 1500 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴും കശ്മിരില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ശാന്തരാകണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."