തമിഴ്നാട്ടിലെ കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ പിതാവും മകനും പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്കു കൈമാറുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. സാത്താംകുളത്ത് പൊലിസ് നടപടിയെ ചോദ്യം ചെയ്തതിന് പിടികൂടിയവരാണ് മരിച്ചിരുന്നത്.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. അറുപതുകാരനായ പി. ജയരാജ്, മകന് 31കാരന് ബെന്നിക്സ് എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. പിതാവിനെ പൊലിസ് സ്റ്റേഷനില്‍ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത മകനെയും മര്‍ദിച്ച് അവശനാക്കുകയായിരുന്നു. ജൂണ്‍ 20നായിരുന്നു മര്‍ദനം. ദിവസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടുപേരും മരിച്ചത്. അതേസമയം, ജയരാജിനെയും ബെന്നിക്സിനെയും മര്‍ദനമേറ്റ രീതിയില്‍ പൊലിസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചിരുന്നെങ്കിലും ജഡ്ജി ഇതു ശ്രദ്ധിക്കാതെ വീടിന്റെ മുകള്‍നിലയില്‍നിന്ന് ആംഗ്യത്തിലൂടെ ഇരുവരെയും റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നെന്നും ആരോപണമുണ്ട്. ജഡ്ജിക്കെതിരേ നടപടി വേണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."