കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ആത്മാര്‍ത്ഥതയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ആത്മാര്‍ത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതചിഹ്നങ്ങള്‍ കയ്യേറ്റങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയല്ല. എന്നാല്‍ ജെ.സി.ബി ഉപയോഗിച്ചായിരുന്നില്ല കുരിശ് നീക്കം ചെയ്യേണ്ടിയിരുന്നത്. അതിന് നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നു. കുരിശ് പൊളിച്ചതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും മുഖ്യമന്ത്രി അറിഞ്ഞില്ല എങ്കില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഭരണത്തില്‍ എന്ത് സ്ഥാനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
എല്ലാത്തിനും പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. കയ്യേറിയ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിന് ആരും എതിര്‍ക്കില്ല. കയ്യേറ്റം ഒഴിപ്പിക്കലില്‍ എന്തിനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. സര്‍ക്കാര്‍ വിളിച്ചാല്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."