ജനങ്ങളെ സമീപിക്കുന്നത് പ്രവര്‍ത്തനമികവുമായി: എം.ബി രാജേഷ്
പാലക്കാട് : ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി താന്‍ ജനങ്ങളെ സമീപിക്കുന്നത് തന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തന മികവ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് എം.ബി രാജേഷ്. പ്രചരണം 24 ദിവസം പിന്നിട്ടു. കൊടുംചൂടിലാണ് പ്രചരണം. ഇടതുമുന്നണിയുടെ രാഷ്ട്രീയനയം ജനങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ ഇടതുമുന്നണി ഏറെ മുന്നിലാണെന്നും രാജേഷ് വ്യക്തമാക്കി. പാലക്കാട് പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിനെ അപേക്ഷിച്ച് മറ്റ് മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ ഏറെ പിന്നിലാണ്. സ്ഥാനാര്‍ഥി നിര്‍ണയവും മണ്ഡലവുമൊക്കെ ഏറെ വൈകിയാണ് നിശ്ചയമായത്. അപ്പോഴേക്കും ഇടതുമുന്നണി പ്രചരണത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരുന്നു. തനിക്ക് ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ച് പ്രവചിക്കാന്‍ മുതിരുന്നില്ല. എല്ലാം ജനം തീരുമാനിക്കും. ജയിക്കുമെന്ന കാര്യത്തില്‍ അല്‍പ്പം പോലും ആശങ്കയില്ല. പാലക്കാടിന്റെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സിന് വിനയായി മാറുമെന്ന് ചോദ്യത്തിന് ഉത്തരമായി രാജേഷ് വ്യക്തമാക്കി. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നത്. പടയുപേക്ഷിച്ച് ധ്യാനത്തിന് പോയ പടത്തലവനാണ് രാഹുല്‍ഗാന്ധി. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഭരണത്തിലെത്തിയ സംസ്ഥാനമാണ് കര്‍ണാടകം. എന്നാല്‍ അവിടെ മത്സരിക്കാതെ കേരളത്തില്‍ വരുന്നത് രാഷ്ട്രീയമായ വലിയ ണ്ടത്തരമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കെണിയില്‍ വീഴ്ത്തിയതാണെന്നും രാജേഷ് പറഞ്ഞു. രാഹുല്‍ഗാന്ധിയെക്കുറിച്ച് നേരത്തെ പറഞ്ഞ നല്ല വാക്കുകള്‍ വ്യക്തി എന്ന നിലയിലാണ്. എന്നാല്‍ രാഹുലിന്റെ രാഷ്ട്രീയത്തോട് അല്‍പ്പം പോലും യോജിപ്പില്ല. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട യഥാര്‍ത്ഥ വിഷങ്ങള്‍ക്കുപകരം യു.ഡി.എഫും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും വിവാദങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചത് ഇതിന്റെ ഭാഗമാണ്. കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന അമൃത് പദ്ധതി നടപ്പിലാക്കാതെ അട്ടിമറിച്ച മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാറിനോട് ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്തെന്നും മാധ്യമപ്രവര്‍ത്തകരോട് രാജേഷ് ചോദിച്ചു. തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പി അടിപതറുകയാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ വെയിലത്ത് ബാങ്കിനുമുന്നില്‍ ക്യൂനിന്നത് ജനങ്ങള്‍ മറക്കില്ലെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രാജേഷ് പറഞ്ഞു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് പ്രസാദ് ഉടുമ്പശ്ശേരി അധ്യക്ഷനായി. ഇ.എന്‍ അജയകുമാര്‍ സ്വാഗതവും എ.സതീഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."