കൂളൂര്‍ പാലം തെരഞ്ഞെടുപ്പിനുശേഷം അടച്ചിടാന്‍ നിര്‍ദേശം
മംഗളൂരു: മംഗളൂരു-ഉഡുപ്പി ദേശീയപാതയിലെ കൂളൂര്‍ പാലം തെരഞ്ഞെടുപ്പിനുശേഷം അടച്ചിടുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തില്‍ പറഞ്ഞു. പാലത്തിനു ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ആര്‍ച്ച് രീതിയില്‍ കൈവരികള്‍ സ്ഥാപിച്ച് 1952ലാണ് കൂളൂര്‍ പാലം നിര്‍മാണം നടത്തിയത്. ഏറ്റവും തിരക്കേറിയ പാതയാണ് ഇത്.
കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ദേശീയപാതയില്‍ ന്യൂ മംഗളൂരു പോര്‍ട്ടിന് സമീപത്തായാണ് കൂളൂര്‍ പാലം സ്ഥിതി ചെയ്യുന്നത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തില്‍ ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും ഇപ്പോള്‍ പാലം പൂര്‍ണമായും ക്ഷയിച്ചതായി കണ്ടെത്തിയതോടെയാണ് ഇത് അടച്ചിടാന്‍ ദേശീയപാത അധികൃതര്‍ തീരുമാനം കൈകൊണ്ടത്. പരമാവധി 30 ടണ്‍ ഭാരവും15-20 വേഗതയുമാണ് പാലത്തില്‍ ഇപ്പോള്‍ അധികൃതര്‍ അനുവദിച്ചിട്ടുള്ളത്.
അതിനിടെ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൂലോര്‍ ഭാഗത്ത് നിര്‍മാണം നടത്തുന്ന ആറുവരിപാലത്തിന്റെ നിര്‍മാണം അടുത്ത 20 മാസത്തിനകം പൂര്‍ത്തിയാകുമെന്നും അതുവരേയ്ക്കും വാഹനങ്ങള്‍ക്കു കൂളൂരില്‍ നിന്ന് മറ്റു വഴിയില്‍ കൂടി മംഗളൂരു-ഉഡുപ്പി റൂട്ടിലെത്താന്‍ സൗകര്യം ഒരുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ സുറത്കല്‍, കാന, ബജ്‌പെ, കെ.പി.ടി വഴി ഇരു ഭാഗങ്ങളിലേക്കും സഞ്ചരിക്കണമെന്നും ചെറിയ വാഹനങ്ങള്‍ നിലവിലുള്ള ആര്‍ച്ച് പാലത്തില്‍ കൂടി സര്‍വിസ് നടത്തണമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂളൂരിലുള്ള സുബ്രമണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും ആറ് വരിയില്‍ പുതിയ പാലം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."