ഫിസിയോ തെറാപ്പിസ്റ്റില്ലാതെ വനിതാ ഗുസ്തി ടീം റിയോയിലേക്ക്
ന്യൂഡല്‍ഹി: റിയോയിലേക്ക് പോകുന്ന ഇന്ത്യന്‍ ഗുസ്തി ടീമിനൊപ്പം വനിതാ ഫിസിയോതെറാപ്പിസ്റ്റുകള്‍ ഇല്ല. വനിതാ-പുരുഷ ടീമുകള്‍ക്കായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിയോയിലേക്കയക്കുന്നത്.
എന്നാല്‍ വനിതകളുടെ കാര്യത്തില്‍ പുരുഷ ഫിസിയോ തെറാപ്പിസ്റ്റിന് കാര്യമായിട്ടൊന്നും ഇടപെടാനാവില്ലെന്ന് വിമര്‍ശനമുണ്ട്. അഞ്ചു പുരുഷ താരങ്ങളും മൂന്നു വനിതാ താരങ്ങളുമാണ് ഗുസ്തി ടീമിലുള്ളത്. ചരിത്രത്തിലാദ്യമായാണ് മൂന്നു വനിതാ ഗുസ്തി താരങ്ങള്‍ ഒളിംപിക്സിന് യോഗ്യത നേടുന്നത്. എന്നിട്ടും വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ വനിതകള്‍ക്ക് നല്‍കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിനേഷ് ഫോഗട്ട്, ബബിത കുമാരി, സാക്ഷി മാലിക് എന്നിവരാണ് റിയോയില്‍ മത്സരിക്കുന്ന വനിതാ താരങ്ങള്‍.
അതേസമയം സോനിപത്തില്‍ നടന്ന പരിശീലന ക്യാംപില്‍ ടീമിനൊപ്പം മൂന്നു ഫിസിയോതെറാപ്പിസ്റ്റുകളുണ്ടായിരുന്നു. രണ്ടു പുരുഷന്മാരും ഒരു വനിതാ ഫിസോയോതെറാപ്പിസ്റ്റുമാണ് ഉണ്ടായിരുന്നത്. രുചി കാഷാല്‍ക്കരായിരുന്നു വനിതാ ഫിസിയോ. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വനിതാ ടീമിന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍ ഇവരെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് സായ് വെളിപ്പെടുത്തിയിട്ടില്ല. വനിതാ താരമായ വിനേഷ് ഫോഗട്ട് ഫിസിയോതെറാപ്പിസ്റ്റിന്റെ അഭാവം സായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ ടീമിന് ഫിസിയോതെറാപ്പിസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന് സായിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രാലയത്തില്‍ നിന്നു തീരുമാനിച്ചാല്‍ മാത്രമേ അനുമതി നല്‍കൂവെന്നാണ് സായിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."