ഇറാനെതിരെ കടുത്ത നീക്കങ്ങൾ ആവശ്യപ്പെട്ട് സഊദി അറേബ്യ, സഊദി-അമേരിക്ക ബന്ധം തുടരുമെന്ന് ബ്രയാൻ ഹുക്
റിയാദ്: യമനിലേക്ക് കടത്താൻ ശ്രമിച്ച ഇറാൻ ആയുധങ്ങൾ പിടിച്ചെടുത്തതായി സഊദി അറേബ്യ. ഇറാൻ ബന്ധം വ്യക്തമാക്കുന്ന ഏതാനും രേഖകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികളെ ഇറാൻ സഹായിക്കുന്നതായും സഊദിക്കെതിരെ നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇറാന്റെ കരം ഉണ്ടെന്നുമുള്ള ആരോപണങ്ങൾ ഏറെകാലമായി സഊദി ഉന്നയിച്ച് വരുന്നുണ്ട്. ഇതിനിടെയാണ് ഇറാൻ ആയുധങ്ങൾ യമൻ തീരത്ത് വെച്ച് സഊദി പിടികൂടിയത്. പിടികൂടിയ ആയുധങ്ങൾ ഇന്ന് വൈകുന്നേരം റിയാദിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു. അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക ദൂദൻ ബ്രയാൻ ഹുക്കിന്റെ സാന്നിധ്യത്തിലാണ് സഊദി അറേബ്യ ആയുധങ്ങൾ പ്രദർശിപ്പിച്ചത്.
ആയുധ നിരോധനം നീക്കിയാൽ ഇറാൻ മിസൈലുകൾ വികസിപ്പിക്കുമെന്നും മേഖലയിൽ സ്ഥിരത കൈവരിക്കാൻ ഇറാൻ ആയുധ നിരോധനം നീട്ടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സഊദി-അമേരിക്ക സഹകരണം തുടരും. ഇറാനിൽ ആയുധ നിരോധനം നീട്ടാൻ ഞങ്ങൾ സുരക്ഷാ സമിതിയോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും രാജ്യത്തിന്റെ സംരക്ഷണത്തിനും തങ്ങൾ എപ്പോഴും പ്രതിജ്ഞാ ബദ്ധമാണെന്നു സഊദി വിദേശ കാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറും വ്യക്തമാക്കി.
സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് ആയുധങ്ങൾ പിടികൂടിയത്. യെമനിലെ മൊഖ തീരത്ത് വെച്ചാണ് ചെറു ബോട്ടുകളിൽ ആയുധങ്ങൾ പിടികൂടിയത്. റഡാർ കണ്ണുകളിൽ പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള മരം കൊണ്ടുള്ള ചെറു ബോട്ടുകൾ ഉപയോഗിച്ചത്. യമനിലേക്ക് ഇറാന്റെ ആയുധ കടത്തിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് സഊദി അറേബ്യ അറിയിച്ചു. അടുത്ത കാലത്തായി സഊദിക്കെതിരെ നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് യമനിൽ നിന്നും ഉണ്ടായത്. യമനിലെ വിമത വിഭാഗമായ ഹൂഥികളാണ് ആക്രമണങ്ങൾക്ക് പിന്നിൽ. നിരവധി തെളിവുകളുമായി സഊദി അറേബ്യനേരത്തെയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."