ശ്യാമമേഘങ്ങള്‍
ഇത്രയൊക്കെയായിട്ടും എന്തേ നീയിങ്ങനെ? എനിക്ക് സൗന്ദര്യമുണ്ടെന്ന് നീ പറയുന്നു. സൗമ്യനാണെന്ന് വിലയിരുത്തുന്നു. സ്‌നേഹസമ്പന്നനെന്നും അന്തസുണ്ടെന്നും അഭിമാനിയെന്നും സൂചിപ്പിക്കുന്നു.
എന്റെ വീട്ടുകാര്‍ നല്ലവരാണെന്ന് കണക്കുകൂട്ടുന്നു. വീട്ടില്‍ സ്വാതന്ത്ര്യവും സമാധാനവുമുണ്ടെന്നും കണ്ടെത്തുന്നു. പിന്നെ എന്തുകൊണ്ട് ?
എനിക്ക് നിന്നെ മനസിലാവുന്നില്ലല്ലൊ. അതോ നീ വ്യത്യസ്തയാണെന്ന് ഭാവിയ്ക്കുകയാണോ നിന്നെ എനിക്ക് കൃത്യമായി അറിയാമല്ലോ.
'ഇനിയെങ്കിലും പറയൂ, എന്തുകൊണ്ട്? എന്തിന്റെ കുറവാണ് എനിയ്‌ക്കെന്ന്.' ശ്യാമ പ്രസാദിന്റെ അനിഷ്ടം പ്രകടമായി. അയാള്‍ അസ്വസ്ഥനായി.
'ഒരു കുറവുമില്ല. അതുതന്നെയാണ് എന്റെ പ്രശ്‌നം!' ഒരു മലവെള്ളപ്പാച്ചില്‍ തടുത്തു നിര്‍ത്തുന്നതുപോലെ അവള്‍ പറഞ്ഞു.
ശ്യാമപ്രസാദിന്റെ പുരികങ്ങള്‍ ചോദ്യചിഹ്നങ്ങളായി.
'നിനക്കിനി മറ്റെന്തെങ്കിലും...' പറഞ്ഞു തീരും മുന്‍പേ അവള്‍ അയാളുടെ വാ പൊത്തിപ്പിടിച്ചു.
'ഇല്ലെയില്ല, ഒന്നുമില്ല.'
'എന്നാല്‍ പറഞ്ഞു തുലയ്ക്ക് ? അയാള്‍ അക്ഷമനായി.'
'എനിക്ക് ഒരു ദൈവത്തെയല്ല വേണ്ടത് ഒരു മനുഷ്യനെയാണ്.'
'എന്നെ പൂജിയ്ക്കണമെന്നാരു പറഞ്ഞു.' അയാള്‍ ശ്യാമമേഘങ്ങള്‍ക്കിടയില്‍പ്പെട്ട അവസ്ഥയിലായി.
'ശ്യാമേട്ടാ, നോക്ക.് അല്‍പം
വില്ലത്തരവും കുറച്ച് വികടസ്വഭാവുമില്ലെങ്കില്‍ നമുക്ക് കടി പിടികൂടാനുള്ള സ്‌കോപ്പ് ഉണ്ടാവുമോ. വാശിയോടെ പിണങ്ങാനും പശ പോലെ ഒട്ടാനും അവസരമെങ്ങനെ കിട്ടും. ഇടക്കൊന്ന് ചട്ടീം കലോം ആയില്ലെങ്കില്‍ പിന്നെന്തു രസം ? ജീവിതത്തിന്ന് എരിവും പുളിയുമൊക്കെ വേണ്ടേ?.
'നീ പറഞ്ഞുവരുന്നത് ... ?'
അയാള്‍ ആവലാതിയില്‍ നിന്നു വേവലാതിയിലേക്ക് വീണു.
'ശ്യാമേട്ടന്‍ എന്നും എന്റെ പ്രിയ സഹോദരനായാല്‍ മതി. അവള്‍ പെട്ടെന്ന് ഒരു കുഞ്ഞനിയത്തിയായി അയാളുടെ വിരലുകള്‍ക്കിടയില്‍ വിരല്‍കോര്‍ത്ത് കണ്ണുകളിലേക്ക് കണ്ണയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."