പ്രതിപക്ഷ നേതാവിനെതിരേ പരിഹാസവുമായി മുഖ്യമന്ത്രി: ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ട്, കാളപെറ്റെന്നുകേട്ടു പാലുകറക്കാന്‍ വരരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരേ പരിഹാസശരങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാളപെറ്റെന്നു കേട്ട് പാല് കറക്കാന്‍ ഓടുന്നവരാണ് ഇവരെന്ന് അദ്ദേഹം പരിഹസിച്ചു. ദുരാരോപണങ്ങളുന്നയിച്ച് പിന്‍വലിയുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പരിപാടി. പലപ്പോഴായി അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ക്ലച്ചുപിടിച്ചിട്ടില്ല. ഇതിന്റെ ജാള്യതയാണ് പ്രതിപക്ഷത്തിന്.
സര്‍ക്കാരിനെ എതിര്‍ക്കുന്നതു ന്യായമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വയ്ക്കാനും എതു നടപടിയേയും തെറ്റായി വ്യാഖ്യാനിച്ച് വികൃതമാക്കാനുമാണു പ്രതിപക്ഷം ശ്രമിക്കുന്നത്. നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും പ്രതിപക്ഷം എതിര്‍ത്തു. നാടു കുട്ടിച്ചോറായാലും സര്‍ക്കാരിനെ എതിര്‍ത്താല്‍ മതിയെന്ന നിലപാടിലാണ് അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനം വിളിച്ച് എന്തെങ്കിലും ആരോപിക്കുക, കുറച്ചു ദിവസം അതിന്റെ പിന്നാലെ പോയി പിന്നെ വാക്കുകള്‍ വളച്ചൊടിച്ചു തലയൂരുക. ഇതാണ് പ്രതിപക്ഷനേതാവ് നടത്തിപ്പോരുന്ന പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇ-മൊബിലിറ്റി പദ്ധതി സര്‍ക്കാരിന്റെ നയമാണ്. പദ്ധതിയില്‍ നിന്ന് പിന്‍മാറില്ല. ടെക്‌നോസിറ്റി കളിമണ്‍ ഖനന പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള ഏജന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്.
വസ്തുതക്ക് നിരക്കാത്തതാണ് ആരോപണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുകാര്യവും അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ഉത്തരവാദിത്വമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."