ആള്‍ക്കൂട്ടം
തീര്‍ഥാടകര്‍ പള്ളിയില്‍ നിന്ന് പാര്പ്പിടങ്ങളിലേക്കുള്ള മടക്കയാത്രയിലായിരുന്നു. കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് നടന്നുനീങ്ങുന്ന അവര്‍ക്കിടയിലേക്ക് വന്ന കറുത്ത മനുഷ്യന് ഭാണ്ഡത്തിലെ വസ്ത്രങ്ങള്‍ തെരുവിലേക്ക് തുറന്നുവച്ചു. ജനക്കൂട്ടം വസ്ത്രങ്ങളിലെ വര്ണക്കൂട്ടുകളിലേക്കടുക്കുമ്പോള് അയാളുടെ കണ്ണുകള്‍ ചുറ്റും ഉല്കണ്ഠയോടെ അലയാന്‍ തുടങ്ങി. വിലയില്‍ യാതൊരു മാറ്റവുമില്ലെന്നയാള് ആവര്‍ത്തിച്ചുപറയുമ്പോഴും ആളുകള്‍ വസ്ത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കിയും വിലപേശിയും ചേര്‍ച്ചയുണ്ടോ എന്ന് നോക്കുകയും ചെയ്തുകൊണ്ടിരുന്നു.
കിഴക്കുവശത്തുള്ള കെട്ടിടങ്ങളില്‍ നിന്നാണ് പൊലിസുകാരന് മോട്ടോര്‍ ബൈക്കില്‍ തെരുവിലേക്കു വന്നത്. അയാള്‍ കിട്ടിയ വസ്ത്രങ്ങളുമായി തെരുവിലെ ജനത്തിരക്കിലൂടെ ഓടി. പൊലിസ് അയാളെ പിന്തുടരുന്നതിനിടയില്‍ ഭാണ്ഡം നിലത്തുവീണു. തെരുവിലപ്പോള്‍ ഉടമയില്ലാതായ വസ്ത്രങ്ങള്‍ക്കായി തിക്കും തിരക്കും കൂട്ടുകയായിരുന്നു ജനക്കൂട്ടം. കിട്ടിയ വസ്ത്രങ്ങളുമായി അവര്‍ പാര്‍പ്പിടങ്ങളിലേക്ക് നടന്നു.
ചുട്ടുപഴുത്ത മധ്യാഹ്നമായപ്പോഴേക്കും തെരുവ് വിജനമായി. കറുത്ത മനുഷ്യന് തെരുവിലേക്കു വന്നു. ഒരുവസ്ത്രം പോലും അവിടെയുണ്ടായിരുന്നില്ല. ഭാണ്ഡം കീറിപ്പറിഞ്ഞ് ഓടയിലേക്ക് ചാഞുകിടപ്പുണ്ടായിരുന്നു. അയാളതുമെടുത്ത് നടന്നു നീങ്ങുമ്പോള്‍ ഒരു പാര്‍പ്പിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് കുട്ടിയുടെ വിളികേട്ടു. ആ പെണ്‍കുട്ടി ചുമന്ന വസ്ത്രം അയാള്‍ക്കായി ജാലക അഴികള്‍ക്കിടയിലൂടെ വീശിയെറിഞ്ഞു. അതുലഞ്ഞുലഞ്ഞ് വെയിലില്‍ തിളങ്ങുന്ന അയാളുടെ കറുത്തമുഖത്തേക്ക് പുതുഗന്ധവുമായി വീണപ്പോള്‍ പുഞ്ചിരിയോടെ ഒരു പറക്കും മുത്തം അയാള്‍ പെണ്‍കുട്ടിക്കായി വീശിയെറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."