മലയോരത്ത് കനത്ത മഴ; വളവുപാറയില്‍ മണ്ണിടിഞ്ഞു
ഇരിട്ടി: കാലവര്‍ഷം വീണ്ടും ശക്തമായതോടെ ഇന്നലെയുണ്ടായ കനത്ത മഴയില്‍ കൂട്ടുപുഴ വളവുപാറയില്‍ മണ്ണിടിഞ്ഞു. ഹിറ്റാച്ചി ഉള്‍പ്പെടെയുളള മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണിനടിയിലായി. കച്ചേരിക്കടവ് പുതിയ പാലത്തിന് സമീപത്തായി ബാരാപോള്‍ റോഡരികിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ഒരു ജീപ്പും ഉള്‍പ്പെടെ മണ്ണിനടിയിലായി. പുതുതായി പണിയുന്ന കച്ചേരിക്കടവ് പാലത്തിന്റെ ഒരു സ്പാന്‍ കോണ്‍ക്രീറ്റിനായി കൊണ്ടുവന്ന മുഴുവന്‍ നിര്‍മാണ സാമഗ്രികളും മണ്ണിനടിയില്‍ അകപ്പെട്ടു. ഉച്ചസമയമായതിനാലും കനത്ത മഴയായതിനാലും അപകടസമയം സംഭവസ്ഥലത്ത് തൊഴിലാളികളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. റോഡിലെ കല്ലും മണ്ണും നീക്കിയാണ് ബാരാപോളിലേക്കുളള ഗതാഗതം പുനസ്ഥാപിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പാലം നിര്‍മാണ കരാര്‍ കമ്പനിയായ ബേവിഞ്ച അബ്ബാസ് കമ്പനി അധികൃതര്‍ പറഞ്ഞു. തിമിര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ഇരിട്ടി പുഴയും ബാവലി പുഴകളും ഉള്‍പ്പെടെ തോടുകളും അരുവികളും കരകവിഞ്ഞു. കനത്ത മഴയില്‍ കഴിഞ്ഞ തവണയുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായതിനാല്‍ മലയോരത്തെങ്ങും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."