ചെല്ലമംഗലത്ത് രണ്ട് കിണറുകളില്‍ നാല്‍പ്പത് അടിയോളം വെള്ളം പൊങ്ങി; കിണറുകള്‍ കാണാന്‍ ജനത്തിരക്ക്
ശ്രീകാര്യം: ചെല്ലമംഗലം ജങ്ഷന് സമീപം അടുത്തടുത്തുള്ള രണ്ട് കിണറുകളില്‍ വെള്ളം പൊങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ശനിയാഴ്ച രാവിലെ മുതലാണ് കിണറുകളില്‍ വെള്ളം ക്രമാതീതമായ രീയതിയില്‍ പൊങ്ങിയത്. സംഭവം അറിഞ്ഞയുടന്‍ കിണറുകള്‍ കാണുവാന്‍ ആള്‍ത്തിരക്കായി. ചെല്ലമംഗലം ചിന്ദ്രികാ ഭവനില്‍ രവീന്ദ്രന്റെ കിണറ്റിലും അടുത്ത വീടായ ചെല്ലമംഗലം ഇന്ദീവനത്തില്‍ ശ്യാമളയുടെ വീട്ടിലെ കിണറ്റിലുമാണ് വെള്ളം പൊങ്ങിയത്. വെള്ളിയാഴ്ചവരെയും ഈ കിണറുകളില്‍ ഒരടി മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. അഞ്ഞൂറ് ലിറ്ററിന്റെ ടാങ്കുകളില്‍ ഇരുന്നൂറ് ലിറ്റര്‍ മാത്രമാണ് വെള്ളം കിട്ടിയിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇരുവീടുകളിലും ശനിയാഴ്ച രാവിലെ പതിവുപോലെ മോട്ടോറുകള്‍ ഇട്ടുവെങ്കിലും ടാങ്കുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ കിണറുകളില്‍ നോക്കിയപ്പോഴാണ് തലേദിവസം വരെ രണ്ടടിപോലും വെള്ളമില്ലാതിരുന്ന കിണറുകളില്‍ 26 ഒറ വരെ നിറഞ്ഞ് വെള്ളം നില്‍ക്കുന്നത് കണ്ടത്.
കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് കിണറുകളില്‍ വെള്ളം പൊങ്ങിയത് വീട്ടുകാരെ ഭീതിയിലാക്കി. പോങ്ങുംമൂട് ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ വിക്രമന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടിവെള്ള പൈപ്പ് പൊട്ടിയതുകാരണമാണോ കിണറകുകളില്‍ വെള്ളത്തിന്റെ അളവ് കൂടുന്നതെന്ന് മനസ്സിലാക്കാന്‍ വേണ്ടി ചെല്ലമംഗലം വഴിയുള്ള ജപ്പാന്‍ കുടിവെള്ള പൈപ്പിന്റെ വാല്‍വ് അടച്ചിട്ടുവെങ്കിലും വെള്ളത്തിന്റെ അളവ് കിണറുകളില്‍ വീണ്ടും കൂടി വരികയാണുണ്ടായത്. ജലക്ഷാമം നേരിടുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വാല്‍വുകള്‍ തുറന്നു. ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയതുകൊണ്ടല്ല കിണറുകളില്‍ വെള്ളം നിറഞ്ഞതെന്നും അടുത്തുള്ള സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയതാകാം ഇതിനു കാരണമെന്നും അതിനാലാണ് വെള്ളത്തില്‍ പുളിപ്പും എണ്ണയുടെ അംശയും കാണുന്നതെന്നും അടുത്തുള്ള മറ്റു കിണറുകളില്‍ വെള്ളം നിറയാത്തത് ഇക്കാരണത്താലാണെന്നുമാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."