പ്രവാസികള്‍ കൊവിഡ് പരത്തുന്നവരാണെന്നാക്ഷേപിച്ച് വിദേശത്തു നിന്നെത്തിയ യുവാവിന് ക്രൂരമര്‍ദനം,പിതാവിനും പരുക്ക്
മഞ്ചേരി:പ്രവാസികള്‍ കൊവിഡ് പരത്തുന്നവരാണെന്ന കുപ്രചരണവുമായി സാമൂഹ്യദ്രോഹികളുടെ കൊലവിളിയും അക്രമവും. വിദേശത്തുനിന്നെത്തിയ യുവാവിനും വീട്ടുകാര്‍ക്കും നേരെയാണ് രണ്ടംഘ സംഘത്തിന്റെ മര്‍ദനവും ഭീഷണിയുമുണ്ടായത്. കാവനൂര്‍ പഞ്ചായത്തിലെ ഇരുവേറ്റി ചോലയില്‍ വീട്ടില്‍ അര്‍ഷാദ് (20), പിതാവ് ചോലയില്‍ അലി(40) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 10ന് ഇരുവേറ്റിയിലാണ് സംഭവം.
ഖത്തറില്‍ നിന്ന് കെ.എം.സി.സിയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാത്രി ഏഴിനാണ് അര്‍ഷാദ് കരിപ്പൂരിലെത്തിയത്. ഇവിടെ നിന്ന് കാര്‍ മാര്‍ഗം ഇരുവേറ്റിയിലെത്തി. വീട്ടിനടുത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ വാക്കാലൂര്‍ മൂഴിപ്പാടം സ്വദേശികളായ വിവേക്, പ്രജീഷ് എന്നിവര്‍ ബൈക്കിലെത്തി ഭീഷണി മുഴക്കുകയും അക്രമിക്കുകയുമായിരുന്നു. അര്‍ഷാദിന് നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ കുടുംബം വാടക വീട്ടിലായിരുന്നു താമസം. അര്‍ഷാദ് വരുന്ന വാഹനത്തിന് വാടക നല്‍കാന്‍ പിതാവ് അലി റോഡിലേക്ക് ഇറങ്ങിവന്നിരുന്നു. ഇവരെ രണ്ടുപേരെയും വിവേകും പ്രജീഷും ക്രൂരമായി മര്‍ദിച്ചു. അക്രമം കാര്യമാക്കാതെ അര്‍ഷാദ് വീട്ടില്‍ കയറി വാതിലടച്ചെങ്കിലും പിന്നാലെ എത്തിയ വിവേക് വാതില്‍ ചവിട്ടിപൊളിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി അര്‍ഷാദിനെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ് അലി പറഞ്ഞു.
ഇതേ സമയം പ്രജീഷ് അലിയേയും മര്‍ദിച്ച് അവശനാക്കി. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പരത്താന്‍ വരുന്നവരെ എന്തിനാണ് വീട്ടില്‍ താമസിപ്പിക്കുന്നതെന്ന് ചോദിച്ചായിരുന്നു അക്രമം. വീണ്ടും വരുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം മടങ്ങിയത്. സംഭവത്തില്‍ അരീക്കോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഏറനാട് മണ്ഡലം ഗ്ലോബല്‍ കെ.എം.സി.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."