മൊബൈല്‍ മദ്യക്കച്ചവടം സജീവം; അറിഞ്ഞ മട്ട് കാണിക്കാതെ അധികൃതര്‍
വിഴിഞ്ഞം: സര്‍ക്കാര്‍ മനസില്‍ കരുതിയപ്പോഴേക്കും പദ്ധതി നടപ്പിലാക്കി കുടിയന്‍മാരും സംഘവും. ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന കോടതി വിധിയെ തുടര്‍ന്ന് മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടിയതോടെയാണ് ബദല്‍ പദ്ധതി എന്ന രീതിയില്‍ മൊബൈല്‍ കൗണ്ടറുകളുമായി കുടിയന്‍മാരിലെ വിരുതന്‍മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സഞ്ചരിക്കുന്ന ഓട്ടോറിക്ഷകളും പഴയമോഡല്‍ കാറുകളുമായാണ് െൈമബൈല്‍ കച്ചവടക്കാര്‍ ആവശ്യക്കാര്‍ക്ക് മദ്യം സുലഭമായി വിതരണം ചെയ്യുന്നത്. പക്ഷെ വില അല്പം കൂടുമെന്ന് മാത്രം. മദ്യം കിട്ടാക്കനിയായതോടെ മദ്യത്തിനായി കുടിയന്‍മാര്‍ പരക്കം പായുകയായിരുന്നു. വില എത്രയായാലും വാങ്ങാനാളുണ്ടെന്ന് മനസ്സിലായതോടെ ഇതുമുതലെടുക്കാന്‍ ഒരുവിഭാഗം രംഗത്തിറങ്ങുകയായിരുന്നു. ഇതറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ എക്‌സൈസ് അധികൃതരുടെ സമീപനം പരാതിക്കിട വരുത്തുന്നു.
കുടിക്കാന്‍ ആവശ്യത്തിന് മദ്യവും അതോടൊപ്പം പണവും ഒക്കുമെന്നതാണ് മൊബൈല്‍ മദ്യകച്ചവടത്തിന് ആളുകൂടാന്‍ കാരണം. അടിമലത്തുറ, വിഴിഞ്ഞം തീരദേശ മേഖല, വെങ്ങാനൂര്‍, കാര്‍ഷിക കോളജ്, തിരുവല്ലം, കോവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന കൗണ്ടറുകളുടെ മദ്യക്കച്ചവടം പൊടിപൊടിക്കുന്നത്. വിഷുവിനും ഈസ്റ്ററിനുമൊക്കെ വന്‍ കൊയ്ത്താണ് ഇക്കൂട്ടര്‍ നടത്തിയത്. 450 രൂപ വിലവരുന്ന മുക്കാല്‍ ലിറ്റര്‍ മദ്യത്തിന് ആയിരം രൂപ വരെ വില ഈടാക്കിയിരുന്നതായി മദ്യപര്‍ തന്നെ പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്നതിനും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മദ്യം ശേഖരിച്ച് വാഹനങ്ങളിലും കടല്‍മാര്‍ഗ്ഗവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചും നല്‍കുന്നതിനും പ്രത്യേക സംഘങ്ങള്‍ സജീവമായി രംഗത്തുണ്ട്.
ബാറുകളിലും ബിവറേജസിന്റെ ഷോപ്പുകളിലും സ്ഥിരമായി ഓട്ടോകളില്‍ സഞ്ചരിച്ചിച്ചിരുന്ന കുടിയന്‍മാരടക്കമുള്ള സ്ഥിരം കക്ഷികളും ഇത്തരം സംഘങ്ങള്‍ക്കുണ്ട്. ഓട്ടോ അടക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവറെ കുടാതെ മറ്റൊരു സഹായിയും ഉണ്ടാകും. ഗ്ലാസ്സ്, മിനറല്‍ വാട്ടര്‍, സോഡ, പലതരം അച്ചാറുകള്‍ തുടങ്ങിയ സൗകര്യങ്ങളും മൊബൈല്‍ കൗണ്ടറുകളില്‍ ലഭിക്കും. സ്ഥിരം കക്ഷികള്‍ക്ക് മദ്യം എത്തുന്ന സമയവും സ്ഥലവും അപ്പപ്പോള്‍ അറിയിപ്പ് നല്‍കിയാണ് കച്ചവടം. വിവാഹസല്‍ക്കാരപാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടികള്‍ക്കും മദ്യം എത്തിച്ച് കൊടുക്കുന്ന ഏര്‍പ്പാടുമുണ്ട്. അങ്ങനെ എത്തിക്കുന്ന മദ്യത്തിന് പ്രത്യേക വിലയാണ്. അനധികൃത മൊബൈല്‍ മദ്യകച്ചവടം പൊടിപൊടിച്ചിട്ടും എക്‌സൈസ് അധികൃതരും പൊലിസും ഇതൊന്നുമറിഞ്ഞ മട്ട് കാണിക്കാത്തത് മദ്യകച്ചവടക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."