യുവാവിനെ ബോട്ടില്‍നിന്ന് തള്ളിയിട്ടു കൊന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി
കാസര്‍കോട്: യുവാവിനെ തലക്കടിച്ച ശേഷം ബോട്ടില്‍നിന്നു പുഴയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പൂര്‍ത്തിയായി. ചെറുവത്തൂര്‍ കാടങ്കോട്ടെ മൂലക്കാല്‍ രാജേഷ് (26) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. ചെറുവത്തൂര്‍ കാവുംചിറയിലെ ടി.വി വിശ്വംഭരന്‍ (47), കാടങ്കോട് മാടായിയിലെ എം. സുകുമാരന്‍ (48) എന്നിവരാണ് കേസിലെ പ്രതികള്‍.
2007 ജൂണ്‍ 10നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.
മടക്കര ബോട്ട് ജെട്ടിക്കു സമീപം പുഴയില്‍ രാജേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നു രാജേഷിന്റെ മൃതദേഹം ചന്തേര പൊലിസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റ്മാര്‍ട്ടത്തിനു വിധേയമാക്കിയതോടെ വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായി. തലയ്ക്കു മുറിവേറ്റതായും കണ്ടെത്തി. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
തുടര്‍ന്ന് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന കെ.വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തിലാണ് രാജേഷ് വധക്കേസ് തെളിയിക്കാനായത്. വിശ്വംഭരനും സുകുമാരനും അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കേസിനു തുമ്പാകുകയായിരുന്നു. നേരത്തെ ഒരാള്‍ കൂടി കേസില്‍ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."