അജ്ഞാതരോഗത്തോട് പൊരുതാനാവുന്നില്ല; എട്ടുവയസുകാരി പഠനം നിര്‍ത്തി
ബന്തടുക്ക: ശരീരമാസകലം പൊള്ളിയ പോലെയുള്ള അജ്ഞാത രോഗത്തോട് പൊരുതാനാകാതെ എട്ടുവയസുകാരി പഠനംനിര്‍ത്തി. പഠനം നിര്‍ത്തിയെങ്കിലും വേദന കടിച്ചമര്‍ത്തി ജീവിതത്തോടു പൊരുതുകയാണ് ഈ പെണ്‍കുട്ടി. കൂട്ടുകാര്‍ അധ്യയന വര്‍ഷത്തില്‍ പുത്തനുടുപ്പും പുതിയ ബാഗുമായി സ്‌കൂളിലേക്കു പോയപ്പോള്‍ ക്ലാസ് മുറിയില്‍ എത്താനാകാത്ത വിഷമത്തിലാണ് ഈ കുരുന്ന്.
കൊച്ചുശരീരത്തില്‍ ഉടനീളം ചുവന്നതും വെളുത്തതുമായി കുമിളകള്‍ ഉയര്‍ന്നു വരികയും പിന്നീട് അതു പൊട്ടി വലിയ വ്രണമായി മാറുകയും ചെയ്യുന്ന രോഗം പിടികൂടിയത് രണ്ടു വര്‍ഷം മുന്‍പാണ്. ചുണ്ടിനു ചുറ്റുമായും കണ്‍പോളകള്‍ക്കു മുകളിലുമായാണ് ആദ്യമൊക്കെ കുമിളകള്‍ ഉയര്‍ന്ന് വന്നത്.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളിലും ആദ്യഘട്ടത്തില്‍ ചികിത്സ നേടിയപ്പോള്‍ സുഖം പ്രാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടു മാസമായി രോഗം വീണ്ടും വേട്ടയാടി തുടങ്ങി. ഇപ്പോള്‍ ജില്ലയിലും മംഗളുരുവിലുമായി വിവിധ ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും രോഗത്തിനു കുറവില്ല. ഇതിനകം തന്നെ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു.
ഉപ്പ പാണത്തൂര്‍ കരിക്കൈ സ്വദേശി ഉപേക്ഷിച്ചു പോയതിനാല്‍ കുട്ടിയും ഉമ്മയും പടുപ്പ് ശങ്കരംപാടിയിലെ കുളിയകല്ലിലെ ഷെഡിലാണ് താമസം. ഉമ്മയുടെ പിതാവ് കൂലിവേല ചെയ്താണ് ഇരുവരെയും പോറ്റുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയെങ്കിലും രോഗം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
വേദന കടിച്ചമര്‍ത്തി നിര്‍ത്താതെ ചൊറിയുന്ന കുഞ്ഞിന്റെ മുഖം കാഴ്ച്ചക്കാര്‍ക്ക് നൊമ്പരമാകുന്നു. ഇടയ്ക്കിടയ്ക്ക് ശക്തമായ പനിയുമുണ്ട്. തുടര്‍ ചികിത്സയ്ക്ക് ഇനി എങ്ങോട്ട് പോകണമെന്ന് ഉമ്മയ്ക്കറിയില്ല ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്.
സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയില്‍ കുരുന്നിന്റെ ദുരിതാവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനും പൊതുപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."