ഹെല്‍മറ്റും മാസ്കും ഇല്ല ബി.ജെ.പി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിലിരുന്ന് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഷൂട്ട്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യുമ്പോള്‍ ഇതു പാലിക്കാതെ, ബി.ജെ.പി നേതാവിന്റെ മകന്റെ ആഢംബര ബൈക്കിലിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നടപടി വിവാദമാകുന്നു. ഹെല്‍മറ്റോ മാസ്ക്കോ ധരിക്കാതെ ഹാര്‍ലി ഡേവിഡ്സണ് ആഡംബര ബൈക്കിലിരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ വിവിധ പോസിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ വിവാദവും ഉയര്‍ന്നു.
സ്വദേശമായ നാഗ്പൂരില്‍ വച്ചാണ് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഷൂട്ട്. സുപ്രീം കോടതി അഭിഭാഷകരുടെ ട്വിറ്റര്‍ ഗ്രൂപ്പില്‍ വരെ പങ്കുവച്ച ചിത്രത്തില്‍ സാമൂഹിക അകലം പാലിക്കാതെ ചീഫ് ജസ്റ്റിസിനു ചുറ്റും ആളുകള്‍ കൂടി നില്ക്കുന്നതും കാണാം. നാഗ്പൂരിലെ ബി.ജെ.പി നേതാവായ സൊമ്പ മുസാലെയുടെ മകന് രോഹിത് സൊമ്പാജി മുസാലെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ മത്സരിച്ചയാളാണ് സൊമ്പ മുസാലെ.
ബൈക്കുകളോടുള്ള പ്രിയം നേരത്തെ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്കില്‍ ഇരുന്ന് ഫോട്ടോ ഷൂട്ട് നടത്തിയതിനെ സാമൂഹിക മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. ബാരിമസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലെ അംഗമായിരുന്നു ബോബ്ഡെ എന്നും സാമൂഹിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങള്‍ സാധാരണക്കാര്‍ മാത്രം പാലിച്ചാല്‍ മതിയോ എന്നും സമൂഹ മാധ്യമങ്ങള്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."