സുരക്ഷ ഇപ്പോഴും കടലാസില്‍ തന്നെ പ്രവര്‍ത്തിക്കാത്ത പാറമടകള്‍ക്ക് സുരക്ഷാവേലി നിര്‍മാണത്തിനായി പിരിച്ചത് കോടികള്‍
പെരുമ്പാവൂര്‍ : പ്രവര്‍ത്തനമില്ലാതെ ഉപേക്ഷിക്കപ്പെട്ട പാറമടകളുടെ സംരക്ഷണത്തിനായി ജില്ലാ ഭരണകൂടം അഞ്ചു കോടി രൂപയോളം പിരിച്ചെങ്കിലും സുരക്ഷ ഇപ്പോഴും കടലാസില്‍ തന്നെ. 60 ദിവസത്തിനകം പാറമടകള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലെ പാറമടകള്‍ക്കു സുരക്ഷാവേലി വേണമെന്നാവശ്യപ്പെട്ടു വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് തോമസ് കെ. ജോര്‍ജ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രിലിലാണ് കമ്മിഷന്‍ ഉത്തരവിറക്കിയത്.
എന്നിട്ടും സുരക്ഷാവേലി നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ക്വാറി സേഫ്റ്റി ഫണ്ടായി ഇതു വരെ 4,96,02,667 രൂപ പിരിച്ചതായി അറിയിച്ചത്. ഉപേക്ഷിക്കപ്പെട്ട പാറമടകളുടെ സുരക്ഷിതത്വത്തിനാണ് ഫണ്ട് ശേഖരിക്കുന്നതെന്നു മറുപടിയില്‍ വ്യക്തമാക്കിയെങ്കിലും ഈ ഫണ്ടുപയോഗിച്ചു പാറമടകള്‍ക്കു സുരക്ഷിതത്വം ഏര്‍പ്പെടുത്തിയിട്ടില്ല.
നിലവില്‍ പ്രവര്‍ത്തനം നടക്കുന്ന പാറമടകളില്‍ നിന്നു മാത്രമാണ് ക്വാറി സേഫ്റ്റി ഫണ്ട് പിരിക്കുന്നത്. ജില്ലയില്‍ നൂറുകണക്കിന് പാറമടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. എന്നാല്‍ എത്ര പാറമടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്നോ അവയുടെ ഉടമസ്ഥര്‍ ആരൊക്കെയാണെന്നോയുള്ള വിവരങ്ങള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈവശമില്ല. ഇവയുടെ സുരക്ഷിതത്വത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ചും വിവരങ്ങളില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെട്ട പാറമടകളുള്ളത് മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലാണ്. ഇവിടെ 100 ഏക്കര്‍ സ്ഥലത്ത് 40 പാറമടകളാണ് പ്രവര്‍ത്തനമില്ലാതെ കിടക്കുന്നത്. പാറമടകള്‍ ഉപേക്ഷിച്ചവര്‍ സേഫ്റ്റി ഫണ്ട് അടയ്ക്കുന്നില്ല. നിലവില്‍ പാറമട നടത്തുന്നവരില്‍ നിന്നു മാത്രമാണ് സേഫ്റ്റിഫണ്ട്പിരിക്കുന്നത്.
മുടക്കുഴയിലെ പാറമടകളുടെ സംരക്ഷണത്തിനു സേഫ്റ്റി ഫണ്ട് ഉപയോഗിക്കുന്നതു സംബന്ധിച്ചു കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ഏപ്രിലില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
പാട്ടക്കാലാവധി അവസാനിച്ച ശേഷം ഉപേക്ഷിച്ച പാറമടകള്‍ പാട്ടത്തിനെടുത്തവര്‍ തന്നെ സുരക്ഷിതമാക്കണമെന്നു ജിയോളജിസ്റ്റിനു നിര്‍ദേശം നല്‍കണമെന്നു കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പഠനം വിഷയമാക്കിയ വിദ്യാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി സേഫ്റ്റി ഫണ്ടുപയോഗിച്ചു സംരക്ഷണ പ്രവര്‍ത്തനം നടത്തണം. എല്ലാ പ്രവര്‍ത്തനങ്ങളും ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലായിരിക്കണമെന്നുമായിരുന്നു നിര്‍ദേശം.എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടിയില്‍ നിന്നു വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."