ഗതാഗതമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ സി.പി.എമ്മുകാരില്ല: ഉഴവൂര്‍ വിജയന്‍
കൊല്ലം: മൈക്രോഫൈനാന്‍സ് തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തല്‍സ്ഥാനം രാജിവക്കണമെന്നും ഗുരുവിന്റെ വചനങ്ങള്‍ കാറ്റില്‍പ്പറത്തി ശ്രീനാരായണീയരെ അപമാനിച്ചതിനു ഗുരുദേവന്‍ നല്‍കിയ ശിഷയാണിതെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ടു തീയില്‍കുരുത്ത താന്‍ വെയിലത്തു വാടുകയില്ലെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തമാശയായേ കാണുന്നുള്ളു. വെള്ളവുമായി ബന്ധമുള്ള വെള്ളാപ്പള്ളി താമരയോടൊപ്പംചേരാന്‍ വെള്ളത്തിലാണ് കുരുത്തത്. വി.എസിനെതിരെയും പിണറായിക്കെതിരെയും വാതോരാതെ വീമ്പിളക്കിയ വെള്ളാപ്പള്ളി സിനിമയില്‍ ജഗതി കത്തിയുമായി വന്നു ഒടുവില്‍ കുനിഞ്ഞുപോകുന്നതുപോലെയായിപ്പോയെന്നു അദ്ദേഹം പറഞ്ഞു.
ചന്ദ്രചൂഡന്‍ ആളു ചൂടനാണെങ്കിലും ചിലപ്പോള്‍ നല്ലകാര്യങ്ങളും പറയും. അത്തരത്തിലാണ് അടുത്തിടെ ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തെക്കുറിച്ചു പറഞ്ഞത്. കോവൂര്‍ കുഞ്ഞുമോന്‍ ചായവേടിച്ചു നടന്നെന്നു പറഞ്ഞ എ.എ അസീസ് ഇന്നു കുഞ്ഞുമോന്‍ പറയുന്നതിനനുസരിച്ചു ചായവേടിക്കുകയാണ്.
ഗതാഗതമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഒരു സി.പി.എമ്മുകാന്‍പോലുമില്ലെന്നും സി.പി.എമ്മുകാര്‍ ഉണ്ടായാല്‍ തെറ്റില്ലെന്നും വിജയന്‍ പറഞ്ഞു.
വിവരാവകാശനിയമം സംബന്ധിച്ചു എന്‍.സി.പിയുടെ അഭിപ്രായം മുന്നണിയില്‍ പറയും. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവയ എം.കെ ദാമോദരനെതിരെയുണ്ടായ വിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് രണ്ടാംവാരം എന്‍.സി.പി നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."