ബാറുകളില്‍ ബെവ്ക്യു ടോക്കണില്ലാതെ മദ്യവിതരണം തകൃതി; ജീവനക്കാരില്ല; എക്‌സൈസ് പരിശോധന പ്രഹസനം
കോഴിക്കോട്: മദ്യവിതരണത്തിന് എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ ബെവ്ക്യു ആപ്പ് വഴി ടോക്കണില്ലാത്തവര്‍ക്ക് വ്യാപകമായി മദ്യം കൊടുക്കുന്നുവെന്ന പരാതികള്‍ ഉയരുമ്പോഴും ബാറുകളില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന പ്രഹസനമായി മാറുന്നു. വേണ്ടത്ര ഉദ്യേഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പരിശോധന പേരില്‍ മാത്രം ഒതുങ്ങുകയാണ്.
ടോക്കണില്ലാതെ ബാറുകളില്‍ നിന്ന് മദ്യം വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് എക്‌സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയിരുന്നു. ചില ബാറുകളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും ബാറുകളില്‍ ടോക്കണില്ലാതെ മദ്യവില്‍പ്പന തുടരുകയാണ്.
ബെവ്ക്യു ആപ്പില്‍ നിന്ന് ലഭിക്കുന്ന ടോക്കണില്‍ മൂന്ന് ലിറ്റര്‍ വരെ മദ്യം വില്‍ക്കാനാണ് അനുമതി. എന്നാല്‍, ടോക്കണില്ലാതെ എത്തുന്നവര്‍ക്കും മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. കുറഞ്ഞ അളവ് വാങ്ങുന്നവരുടെ ടോക്കണില്‍ മദ്യം മറിച്ചുവില്‍ക്കുന്നതും പതിവാണ്. ആപ്പ് വഴിയുള്ള ടോക്കണുകളില്‍ ഭൂരിഭാഗവും ബാറുകളിലേക്കാണ് പോകുന്നതെന്ന പരാതിയും ശക്തമാണ്.
ബാറുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ പരിശോധിക്കേണ്ടത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ്. ഫീല്‍ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരും സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമാണ് കൂടുതല്‍ സമയവും പ്രവര്‍ത്തിക്കുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 72 ഓളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയും 78 അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
പ്രിവന്റീവ് ഓഫിസര്‍മാര്‍ക്കും മൂന്ന് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ക്കും ഓഫിസ് പരിധിയില്‍ ഓരോ യൂനിറ്റ് തിരിച്ച് നല്‍കുകയാണ്. ആ യൂനിറ്റില്‍ വരുന്ന ലൈസന്‍സ് സ്ഥാപനമായ കള്ളുഷാപ്പും അരിഷ്ട കടകളും പരിശോധിക്കാമെങ്കിലും ബാറുകള്‍ പരിശോധിക്കാനുള്ള അധികാരം ഇവര്‍ക്ക് നല്‍കിയിട്ടില്ല.
ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത എക്‌സൈസില്‍ പ്രിവന്റീവ് ഓഫിസര്‍മാര്‍ക്കും ബാറുകള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കുകയാണെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്ന അഭിപ്രായം ശക്തമാണ്.
ബാറുകളില്‍ പരിശോധന നടത്താന്‍ ഓഫിസര്‍മാരുടെ കുറവുള്ള ഈ സമയത്തെങ്കിലും പ്രിവന്റീവ് ഓഫിസര്‍മാര്‍ക്ക് ബാര്‍ പരിശോധിക്കാനുള്ള അധികാരം നല്‍കണമെന്ന ആവശ്യം എക്‌സൈസ് സേനയില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."