അധ്യാപകരുടെ നിയമനാംഗീകാരം തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി
മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശക്തമാക്കി സര്‍ക്കാര്‍. കെ.ഇ.ആര്‍ ഭേദഗതിക്ക് വീണ്ടും മാറ്റം, കെ ടെറ്റ് യോഗ്യതാ ഇളവ് എന്നിവ നല്‍കിയ ശേഷവും നിരവധി അധ്യാപകരുടെ നിയമനാംഗീകാരം അകാരണമായി വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വൈകിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തേ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വര്‍ഷങ്ങളായി നിയമനാംഗീകാരത്തിനായി ഓഫിസുകളില്‍ കയറിയിറങ്ങിയ അധ്യാപകരുടെ അപേക്ഷകള്‍ ചെറിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരസിക്കരുതെന്നും നിലവില്‍ നിരസിക്കപ്പെട്ട നിയമന ശുപാര്‍ശകള്‍ മേലധികാരിയുടെ ഉത്തരവില്ലാതെ തന്നെ വീണ്ടും പരിഗണിക്കണമെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗം ഉപജില്ല, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ഈ നിര്‍ദേശ പ്രകാരം നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പല ജില്ലകളിലും നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നദ്ധമാവാത്ത സാഹചര്യത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിറക്കിയത്. നിയമന ശുപാര്‍ശയിലെ തിരുത്താവുന്ന തെറ്റുകള്‍ പോലും ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കുന്നുവെന്ന തരത്തിലും നിരവധി പരാധികള്‍ ലഭിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ക്കും ഉത്തരവുകള്‍ക്കും നിരക്കാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമനാംഗീകാരം നിരസിക്കുന്ന വിദ്യാഭ്യാസ ഓഫിസര്‍മാരെയും ജീവനക്കാരെയും കണ്ടെത്തി കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഇത് പരിശോധിക്കാന്‍ ഡയരക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്്. നിയമനാംഗീകാര ഫയലുകളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് നിശ്ചിത പ്രൊഫോര്‍മ പൂരിപ്പിച്ച് എല്ലാ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ആറിന് ഉച്ചയ്ക്ക് മുന്‍പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക്(ഡി.ഡി.ഇ) കൈമാറണം. ഡി.ഡി.ഇമാര്‍ ഇത് ക്രോഡീകരിച്ച് എട്ടിന് ഉച്ചയ്ക്കകം ഡയരക്ടറേറ്റിലും എത്തിക്കണം. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമന വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്്.
ഇതുകൂടാതെ കെ.ഇ.ആര്‍ ഭേദഗതി, കെ ടെറ്റ് ഇളവ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരസിക്കപ്പെട്ടതും തീര്‍പ്പാക്കാതെ സൂക്ഷിക്കുന്നതുമായ നിയമാനാംഗീകാര ഫയലുകള്‍ പരിശോധിക്കുന്നതിനായി ഡയരക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം ഏപ്രില്‍ അവസാന വാരം ഡി.ഡി.ഇ ഓഫിസുകള്‍ സന്ദര്‍ശിക്കും. കെ.ഇ.ആര്‍ ഭേദഗതി വീണ്ടും മാറ്റം വരുത്തിയ ശേഷം സംസ്ഥാനത്ത് എത്ര നിയമനം നടന്നു, എത്രപേരുടെ നിയമന അപേക്ഷകളാണ് ഇനിയും പരിഗണിക്കപ്പെടാതെ കിടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സാഹചര്യത്തില്‍ക്കൂടിയാണ് പുതിയ നടപടി. കെ.ഇ.ആര്‍ ഭേദഗതിയിലെ നിരവധി വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടും നിയമനം ലഭിക്കാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകര്‍ ഇനിയുമുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."