അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പ്; ട്രെയിന്‍ തടയല്‍ മാറ്റി
ആലപ്പുഴ: അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പ് ജൂലൈ പന്ത്രണ്ടു മുതല്‍ അനുവദിച്ച് ഉത്തരവായതായി കെ.സി വേണുഗോപാല്‍ എം.പി. ശനിയാഴ്ച ട്രെയിന്‍ തടയുമെന്ന എം.പി യുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് തിടുക്കത്തില്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സന്ധ്യയോടെ പുറപ്പെടുവിച്ചു.
ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ ട്രെയിന്‍ തടയല്‍ പ്രതിഷേധ പരിപാടി റദ്ദാക്കിയതായി എം.പി അറിയിച്ചു. റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവനുസരിച്ച് പന്ത്രണ്ടിന് കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ട്രെയിന്‍ രാത്രി 11.48 ന് ആലപ്പുഴയില്‍ നിര്‍ത്തും. രണ്ടു മിനിറ്റാണ് ആലപ്പുഴയില്‍ ട്രെയിന്‍ നിര്‍ത്തുക. തുടര്‍ന്ന് 13 ന് മംഗലാപുരത്തുനിന്നും കൊച്ചുവേളിയിലേക്കു പോകുന്ന ട്രെയിന്‍ 14 ന് പുലര്‍ച്ചെ 4.58 നും ആലപ്പുഴയില്‍ നിര്‍ത്തും.
അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിച്ചെന്നു കാട്ടി കഴിഞ്ഞ 28ന് റെയില്‍വേ മന്ത്രി എം.പിക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ട്രെയിന്‍ നിര്‍ത്താനുള്ള നടപടിക്രമങ്ങള്‍ പാലിച്ചു സമയം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആലപ്പുഴക്കൊപ്പം സ്റ്റോപ്പ് അനുവദിച്ച കാസര്‍കോട് ട്രെയിന്‍ 12 മുതല്‍ നിര്‍ത്തുമെന്നാണ് ആദ്യം ഉത്തരവിറങ്ങിയത്. ഇതേ തുടര്‍ന്നാണ് ആലപ്പുഴയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടയാന്‍ എം.പി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."